ഐപിഎൽ; ചെന്നൈക്കെതിരെ കളിച്ചത് ബട്‌ലർ; കളി ജയിപ്പിച്ചത് കൃഷ്ണപ്പ ഗൗതം

19-ാം ഓവറില്‍ കൃഷ്ണപ്പ ഗൗതം അവസരത്തിനൊത്ത് ഉയര്‍ന്നതാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ രാജസ്ഥാന് മരണ കളിയായിരുന്നു. പ്ലേ ഓഫിലെ സ്ഥാനമുറപ്പിക്കാനുളള യുദ്ധത്തില്‍ വീഴാതെ നില്‍ക്കാന്‍ അവര്‍ക്ക് വിജയം അനിവാര്യമായിരുന്നു. ചെന്നൈക്കെതിരായ മല്‍സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന താരങ്ങള്‍ രാജസ്ഥാന്റെ വിജയം അനായാസമാക്കി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം ഉയര്‍ന്ന സ്‌കോര്‍ നേടുകയായിരുന്നു. ജയ്പൂരിലെ പിച്ചില്‍ 150 ല്‍ കൂടുതല്‍ നേടിയാല്‍ തന്നെ വിജയസാധ്യതയുണ്ടെന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കി. രാജസ്ഥാന്‍ നിരയില്‍ ബാറ്റ്‌സ്മാന്മാരാരും മികച്ച ഫോമിലല്ലാത്തത് ചെന്നൈ പ്രതീക്ഷകള്‍ക്ക് ശക്തിയേകി.

എന്നാല്‍ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിയുടെ ആ പ്രതീക്ഷകള്‍ക്ക് മുകളിലാണ് അജിങ്ക്യ രഹാനെയുടെ തന്ത്രം ഫലിച്ചത്. മധ്യനിരയില്‍ കളിച്ചിരുന്ന ജോസ് ബട്‌ലറെ ഓപ്പണറാക്കി ഇറക്കിയ രഹാനെയുടെ കണക്കുകൂട്ടല്‍ ശരിവച്ചാണ് ബട്‌ലര്‍ ബാറ്റ് വീശിയത്. ആദ്യ മൂന്ന് ഓവറില്‍ രാജസ്ഥാന്‍ നേടിയ 33 റണ്ണില്‍ 32 ഉം ബട്‌ലറുടെ സമ്പാദ്യമായിരുന്നു.

എന്നാല്‍ നാലാം ഓവറിലെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കി ചെന്നൈ ആദ്യ പ്രഹരം സമ്മാനിച്ചു. ഇതിന് പിന്നാലെ ക്രീസിലെത്തിയ രഹാനെയും കാര്യമായി ഒന്നും ചെയ്യാനാകാതെ മടങ്ങി. പതിയെ തുടങ്ങിയ സഞ്ജുവിനെ റണ്ണൗട്ടാക്കി റെയ്‌ന രാജസ്ഥാന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. അപ്പോഴേക്കും സ്‌കോര്‍ 11.2 ഓവറില്‍ 99 ല്‍ എത്തിയിരുന്നു.

പിന്നീടങ്ങോട്ട് സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. റണ്‍റേറ്റ് ഉയര്‍ത്താനാകാതെ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ വിഷമിച്ചു. ജോസ് ബട്‌ലര്‍ക്ക് പിന്തുണ നല്‍കാന്‍ സ്റ്റുവര്‍ട് ബിന്നി എത്തിയെങ്കിലും 17 പന്തില്‍ നിന്ന് 22 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്.

അവസാന മൂന്നു ഓവറില്‍ ജയിക്കാന്‍ രാജസ്ഥാന് 38 റണ്‍സ് വേണമായിരുന്നു. ബ്രാവോ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് നേടിയ ബിന്നി നാലാം പന്തില്‍ ഷെയ്ന്‍ വാട്‌സണ് ക്യാച്ച് നല്‍കി മടങ്ങി. ഈ ഓവറില്‍ പത്ത് റണ്‍സായിരുന്നു രാജസ്ഥാന്റെ സമ്പാദ്യം. ഇതോടെ രണ്ട് ഓവറില്‍ 28 റണ്‍സെന്ന ലക്ഷ്യമായി രാജസ്ഥാന് മുന്നില്‍.

ബിന്നിക്ക് പിന്നാലെ ക്രീസിലെത്തിയ കൃഷ്ണപ്പ നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തി. 19-ാം ഓവറിലെ മൂന്നാം പന്തായിരുന്നു ഇത്. ഈ ഓവറിലെ അഞ്ചാം പന്തും സിക്‌സര്‍ പറത്തിയ കൃഷ്ണപ്പ അടുത്ത പന്തില്‍ പുറത്തായി. എങ്കിലും 19-ാം ഓവറില്‍ 16 റണ്‍സ് രാജസ്ഥാന് നേടാനായി. അവസാന ഓവറിലെ അഞ്ച് പന്തില്‍ നിന്ന് തന്നെ ലക്ഷ്യം നേടി ജോസ് ബട്‌ലര്‍ വിജയം പൂര്‍ത്തിയാക്കിയതോടെ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷയും നിലനിര്‍ത്താനായി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 rr vs csk jose butler and krishnappa gowtham

Next Story
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഞെട്ടിക്കുന്ന തോല്‍വി; രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ജീവന്‍ipl 2018, indian premier league, jos buttler, rr vs csk, rajasthan royals, chennai super kings, rajasthan vs chennai, rr vs csk report, ipl news, cricket news, sports news
The moderation of comments is automated and not cleared manually by malayalam.indianexpress.com