ന്യൂഡൽഹി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തേക്ക് വിലക്കിയ ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കൻ താരത്തെ രാജസ്ഥാൻ റോയൽസ് പരിഗണിക്കുന്നു. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസനാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

സ്പിൻ ബോളിംഗിനെ ആക്രമിക്കാനുളള ക്ലാസന്റെ മികവാണ് രാജസ്ഥാൻ റോയൽസിന്റെ പരിഗണനയ്ക്ക് പിന്നിൽ. ഇത് സംബന്ധിച്ച് രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഹെഡ് സുബിൻ ബറൂക പറഞ്ഞതിങ്ങനെ, “ഐപിഎല്ലിൽ സ്പിന്നർമാർക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് സ്പിന്നിനെ ആക്രമിച്ച് ബാറ്റ് വീശുന്ന താരത്തെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”

ഇന്ത്യക്ക് എതിരായ ടി20 ടൂർണ്ണമെന്റിൽ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരെ പരിമിത ഓവർ മത്സരങ്ങളിൽ ക്ലാസൻ നേരിട്ട രീതിയാണ് താരത്തെ രാജസ്ഥാൻ റോയൽസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

വിലക്കിന് ശേഷം സ്മിത്ത് ടീമിലേക്ക് മടങ്ങിവരുമെന്ന് ടീം തലവൻ വ്യക്തമാക്കി. എന്നാൽ സ്മിത്ത് വന്നാൽ ക്ലാസനുമായുളള കരാർ ഒഴിവാക്കില്ല. ക്ലാസനെ മൂന്ന് വർഷത്തേക്ക് ടീമിൽ നിലനിർത്താനുളള തരത്തിലാണ് രാജസ്ഥാൻ റോയൽസ് കരാർ ഒപ്പിടുന്നത്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടിസ്ഥാന വിലയായ 50 ലക്ഷമാണ് ക്ലാസന് വേണ്ടി രാജസ്ഥാൻ മുടക്കുന്നത്. അതേസമയം സ്മിത്തിനെ നിലനിർത്താൻ മുടക്കിയ 12.5 കോടി രൂപ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്തിന് വേണ്ടി തന്നെ ചിലവഴിക്കാനാണ് രാജസ്ഥാന്റെ തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ