ന്യൂഡൽഹി: ഇത്തവണത്തെ ഐപിഎൽ സീസണിൽ പ്ലേ ഓഫ് ടീമുകൾ ആരൊക്കെയെന്ന് തീർപ്പായത് ഞായറാഴ്ചയാണ്. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്‌സും ആദ്യം പ്ലേ ഓഫിൽ കയറിയെങ്കിലും പിന്നീടുളള രണ്ട് സ്ഥാനങ്ങൾക്കായി രാജസ്ഥാനും, കൊൽക്കത്തയും മുംബൈയും ബെംഗലുരുവും പഞ്ചാബും കൊമ്പുകോർത്തു.

കൊൽക്കത്തയാണ് പട്ടികയിൽ മൂന്നാമതായി പ്ലേ ഓഫിലേക്ക് കടന്നുകൂടിയത്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹിയോട് തോറ്റതോടെ അവരും പുറത്തായി. അവസാന മത്സരത്തിൽ ഡൽഹിക്കെതിരെ കൂറ്റൻ വിജയം നേടേണ്ടിയിരുന്ന പഞ്ചാബ് ആ കളിയും തോറ്റു.

എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സ് – കിംഗ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ പ്രീതി സിന്റ തന്റെ സന്തോഷം മറച്ചുവച്ചില്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. മത്സരത്തിനിടെ പ്രീതി സിന്റയുടെ ചുണ്ടനക്കം നോക്കിയാണ്, മുംബൈ തോറ്റ് പുറത്തായതിൽ താൻ സന്തോഷിക്കുന്നുവെന്ന് അവർ പറഞ്ഞതായി സോഷ്യൽ മീഡിയ അനുമാനിച്ചിരിക്കുന്നത്. ഏതാണ്ടിതേ വാചകമാണ് പ്രീതി പറയുന്നതെന്ന് ചുണ്ടനക്കം ശ്രദ്ധിച്ച് നോക്കിയാൽ തോന്നാം.

“ഐയാം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് നോട് ഗോയിംഗ് ടു ദി ഫൈനൽസ്, റിയലി വെരി ഹാപ്പി,” എന്നാണ് പ്രീതി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നത്. കിംഗ്‌സ് ഇലവൻ ഉടമ പറഞ്ഞത് എന്താണെന്ന് സ്ഥിരീകരിക്കാൻ ഐഇ മലയാളത്തിന് സാധിച്ചിട്ടില്ല. ജോ എന്ന പേരിലുളള ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മൂന്ന് ഐപിഎൽ കിരീടങ്ങൾ മുംബൈ ഇന്ത്യൻസിന്റെ അലമാരയിലുണ്ട്. എന്നാൽ ഇതുവരെ ഒന്നുപോലും നേടാൻ കിംഗ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ