മുംബൈ : ഇന്ത്യൻ ക്രിക്കറ്റിൽ പത്തുകൊല്ലം മുമ്പ് വിപ്ളവകരമായ മാറ്റങ്ങൾ വരുത്തിയ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 11-ാം പതിപ്പിന് ഔദ്യോഗിക തുടക്കം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ക്രിക്കറ്റ് പൂരത്തിന് കൊടിയേറ്റം നടന്നത്. ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ, പ്രഭുദേവ, തമന്ന ഭാട്ടിയ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവർ വിവിധ കലാപരിപാടികളുമായെത്തി.

രാത്രി എട്ടിന് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസും ഒത്തുകളിക്കേസിൽ വിലക്കപ്പെട്ട് രണ്ടുവർഷം മാറി നിൽക്കേണ്ടിവന്ന ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും.
ചാംപ്യന്‍ പകിട്ടില്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ മല്‍സരത്തില്‍ കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യമാണ് ചെന്നൈക്കുള്ളത്. ഓള്‍ റൗണ്ടര്‍മാരിലും പേസര്‍മാരിലുമാണ് മുബൈയുടെ പ്രതീക്ഷ. രോഹിത് ശര്‍മ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജെപി ഡുമിനി എന്നിവരടങ്ങുന്ന മുംബൈ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാന്‍ ചെന്നൈ വിയര്‍ക്കുമെന്നുറപ്പ്.

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തിയതോടെ ആകെ എട്ടു ടീമുകളാണുള്ളത്. അംപയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡിആര്‍എസ് സംവിധാനവും ഇക്കുറിയുണ്ടാകും. ആകെ 169 കളിക്കാര്‍. ഇതില്‍ 56 പേര്‍ വിദേശികള്‍. പന്ത്രണ്ടരക്കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ബെന്‍ സ്റ്റോക്‌സാണ് ഏറ്റവും വിലയേറിയ വിദേശതാരം.

17 കോടി പോക്കറ്റിലാക്കിയ കോഹ്‌ലിയാണ് മൂല്യത്തില്‍ മുമ്പന്‍. മൂന്ന് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ് കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍. പഞ്ചാബ്, ഡല്‍ഹി, ബെംഗളൂരു എന്നീ ടീമുകളാവട്ടെ കന്നിക്കിരീടം തേടിയാണിറങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ