മുംബൈ: ഐപിഎൽ താരലേലത്തിൽ ഹർഭജൻ സിംഗിനെ തങ്ങളുടെ ടീമിൽ നിലനിർത്താൻ സാധിക്കാത്തതിൽ നിരാശ രേഖപ്പെടുത്തി മുംബൈ ഇന്ത്യൻസ് ടീമുടമ നിത അംബാനി. മറ്റൊരു താരത്തെ നിലനിർത്താൻ സാധിക്കാത്തതിലും നിരാശയില്ലെന്നും എന്നൽ ഭാജിയെ നിലനിർത്താൻ സാധിക്കാതെ പോയത് കടുത്ത നിരാശയാണെന്നും നിത അംബാനി.

“ഏതെങ്കിലും താരത്തെ ലഭിക്കാത്തതിൽ ഞങ്ങൾ നിരാശരാണെന്ന് ഒരിക്കലും പറയില്ല. എന്നാൽ ഭാജിയെ നിലനിർത്താനാകാത്തത് ഞങ്ങൾക്ക് നിരാശ തന്നെയാണ്”, നിത പ്രതികരിച്ചു. അതേസമയം ലേലത്തിൽ തങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ സന്തോഷവും പ്രതീക്ഷയും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തേ മുംബൈ ഇന്ത്യൻസ് തന്നെ നിലനിർത്തിയേക്കില്ലെന്ന് ഹർഭജൻ തന്നെ വെളിപ്പെടുത്തിയിരുന്നു. “അവർ എന്നെ വിളിച്ചിരുന്നു. പുതിയ പ്ലാനുകളെ പറ്റി സംസാരിച്ചു. മുംബൈ ഇന്ത്യൻസ് ഒരു കുടുംബം പോലെയാണെനിക്ക്. എന്നിരുന്നാലും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു”, ഹർഭജൻ പറഞ്ഞു.

“അവർ എന്ത് ചെയ്താലും അവരുടെ തീരുമാനം ടീമിന്റെ നല്ലതിന് വേണ്ടിയാണ്. എനിക്കതിൽ നിരാശയില്ല. എന്നെ ആര് ഏറ്റെടുത്താലും എനിക്കതിൽ യാതൊരു കുഴപ്പവുമില്ല. ഞാനെന്റെ കഴിവിന്റെ പരമാവധി നൽകും”, ഹർഭജൻ കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ 136 മത്സരം കളിച്ച ഹർഭജൻ 127 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. എന്നാൽ അവസാന വിക്കറ്റുകളിൽ ആക്രമണ ബാറ്റിംഗ് കാഴ്ചവയ്ക്കാനുളള ഭാജിയുടെ കഴിവ് ഏത് ടീമിനും മുതൽക്കൂട്ടാണ്. ചെന്നൈ സൂപ്പർ കിംഗ്സാണ് ഇത്തവണ ലേലത്തിൽ ഹർഭജൻ സിംഗിനെ വാങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ