ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. അഞ്ചര കോടി മുടക്കി സ്വന്തമാക്കിയ ഓസീസ് താരം പാറ്റ് കുമ്മിൻസാണ് പരിക്കേറ്റ് പുറത്തായത്. താരത്തിന് ഈ സീസണിൽ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണിത്. ദീർഘനാളായി നടുവിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു താരം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തന്നെ താരത്തിനെ പരിക്ക് വലച്ചിരുന്നു. ഇന്നലെ സ്കാൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇദ്ദേഹത്തോട് ക്രിക്കറ്റ് ഓസ്ട്രേലിയ വിശ്രമിക്കാൻ ആവശ്യപ്പെട്ടത്. പരിക്ക് കൂടുതൽ തീവ്രമാകാതിരിക്കാനാണ് പാറ്റിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന് മൂന്നാഴ്ചയോളം വിശ്രമിക്കാൻ വിട്ട ശേഷം വീണ്ടും സ്കാൻ ചെയ്യുമെന്നും പരിക്കിന്റെ നില അനുസരിച്ച് കളിക്കാമെന്നും ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഓസീസ് നിര നാലിൽ മൂന്ന് ടെസ്റ്റിലും പരാജയപ്പെട്ടെങ്കിലും പാറ്റ് കുമ്മിൻസിന്റെ പ്രകടനം മകച്ചതായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് 22 വിക്കറ്റാണ് പാറ്റ് കുമ്മിൻസ് വീഴ്ത്തിയത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് പുറത്തായ ശേഷം പാറ്റ് കുമ്മിൻസിന്റെ നേതൃത്വത്തിലാണ് ഓസീസ് ടീം നാലാം ടെസ്റ്റ് കളിക്കാനിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ