ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിങ് ധോണി. തന്റെ അൺ ഓർത്തഡോക്സ് ശൈലിയിൽ വിക്കറ്റ് കാക്കുന്ന ഈ റാഞ്ചിക്കാരനെ ഏറെ അദ്ഭുതത്തോടെയും ബഹുമാനത്തോടെയുമാണ് മറ്റുള്ള കീപ്പർമാർ കാണുന്നത്. യുവതാരങ്ങള്‍ക്ക് തന്റെ അനുഭവസമ്പത്തിന്റെ പാഠം അദ്ദേഹം പകര്‍ന്ന് നല്‍കാറുമുണ്ട്. അത്തരത്തിലൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ മൽസരത്തിനിടെ കാണികള്‍ സാക്ഷികളായത്.
മുംബൈയുടെ കീപ്പറായ ഇഷാന് കിഷനാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കിയത്. പുണെയിലെ മൽസരത്തിന് ശേഷം കിഷന് പാഠം എടുക്കുന്ന ധോണിയുടെ ചിത്രം മുംബൈ ഇന്ത്യന്‍സാണ് പുറത്തുവിട്ടത്. വിക്കറ്റ് കീപ്പിങ്ങിലെ തന്റെ കഴിവിന്റെ രഹസ്യവും നേരത്തേ ധോണി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പരിശീലന സെഷനുകളിൽ താൻ വിക്കറ്റ് കീപ്പിങ് പരിശീലിക്കാറില്ലെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. തന്റെ അൺ ഓർത്തഡോക്സ് കീപ്പിങ് ശൈലിയെക്കുറിച്ച് സംസാരിക്കവേയാണ് താൻ നെറ്റ് സെഷനുകളിൽ കീപ്പിങ് പരിശീലനം നടത്താറില്ലെന്ന് ധോണി വ്യക്തമാക്കിയത്. ധോണി പറയുന്നത് ഇങ്ങനെ ”താൻ നെറ്റ്സെഷനുകളിൽ കീപ്പിങ് പരിശീലിക്കാറില്ല, ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് കളിക്കുന്ന സമയവും അങ്ങനെ തന്നെയാണ്. എനിക്ക് തോന്നുന്നു ചിലപ്പോൾ അതെന്റെ അൺ ഓർത്തഡോക്സ് ശൈലി കാരണമായിരിക്കാം.
സത്യം പറഞ്ഞാൽ കീപ്പർമാർക്ക് അധികം ക്യാച്ചിങ് പരിശീലനത്തിന്റെ ആവശ്യമൊന്നുമില്ല. അരോചകമായ രീതിയിൽ വിക്കറ്റ് കാക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. ചിലരുടെ താടിയെല്ല് ഗ്രൗണ്ടിൽ മുട്ടുമോ എന്ന് പോലും തോന്നിപ്പോകും. എന്താണവർ ഉദ്ദേശിക്കുന്നത്..!! നിങ്ങൾക്ക് 100 പന്ത് വെറുതെ വിടാം, പക്ഷേ ക്യാച്ച് വരുമ്പോൾ അത് മുതലാക്കണം. അതുപോലെ തന്നെയാണ് സ്റ്റമ്പിങ്ങിന്റെ കാര്യവും. ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തിക്കൂടാ, അതിന് നെറ്റ്സിൽ കഠിന പരിശീലനം നടത്തുന്നതിനേക്കാൾ, കളിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുകയാണ് വേണ്ടത്, ധോണി പറഞ്ഞു നിർത്തി.
ധോണി ഇന്ത്യൻ പ്രീമിയർ ലീഗിനിടെ വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തുന്നത് താൻ കണ്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് ടീം പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും പറയുന്നു. എന്തായാലും പരിശീലനം നടത്താതെ വിക്കറ്റ് കാക്കുന്ന ധോണി പിറകിലുള്ളപ്പോൾ ക്രീസിന്റെ ലക്ഷ്മണ രേഖ കടക്കാൻ ബാറ്റ്സ്മാന്മാർ ധൈര്യം കാണിക്കാറില്ലെന്നത് സത്യം. അറിഞ്ഞ് കൊണ്ട് വിക്കറ്റ് വലിച്ചെറിയാൻ ആരും ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെ ഇതിന് കാരണം.