ചെന്നൈ: “തിരുമ്പി വന്തിട്ടേന്ന് സൊല്ല്,” ഇതാവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മറ്റ് ഫ്രാഞ്ചൈസികളോട് പറയാതെ പറയുന്നുണ്ടാവുക. മുന്നിൽ നിന്ന് നയിക്കാൻ ധോണിയുണ്ടാകുമ്പോൾ ആ ടീമിനും ആരാധകർക്കും അതൊരു കരുത്താണ്. എന്നാൽ ഐപിഎല്ലിൽ പഴയ വീറോടെ കളിക്കാൻ ടീമിന് ആകുമോ എന്ന സന്ദേഹവുമുണ്ട്. ഇതിന് അടിസ്ഥാനമില്ലെന്ന് തെളിയിക്കുമെന്ന് ഉറപ്പിച്ചാണ് ധോണിയുടെ ബാറ്റിങ് പരിശീലനം.

ഇന്നലെ നടന്ന ചെന്നൈയിലെ പരിശീലനത്തിൽ പന്തുകൾ ആക്രമിച്ച് കളിക്കുന്നതിന് വേണ്ടി പ്രത്യേക പരിശീലനം നടത്തുകയായിരുന്നു ധോണി. ക്യാപ്റ്റൻ കൂൾ അഗ്രസീവ് ബാറ്റിങ് പുറത്തെടുത്താൽ ഇത്തവണ ഐപിഎല്ലിന്റെ കാഴ്‌ചപ്പൂരത്തിന്റെ ആവേശം ഇരട്ടിക്കുമെന്ന ആരാധക പ്രതീക്ഷയ്ക്കും ഇതോടെ ശക്തി വർദ്ധിച്ചു.

ഇന്നലെ നെറ്റ്സിൽ മലയാളി താരവും ആദ്യമായി ഐപിഎൽ ബർത്ത് ലഭിച്ച കെ.എം.ആസിഫും തമിഴ്‌നാട് ആഭ്യന്തര ലീഗ് താരങ്ങളുമാണ് ധോണിയടക്കമുളളവർക്ക് പന്തെറിഞ്ഞത്. സുരേഷ് റെയ്‌ന, ഡ്വെയ്ൻ ബ്രാവോ, മുരളി വിജയ്, ഷെയ്ൻ വാട്‌സൺ, ഹർഭജൻ സിങ് എന്നിവർ ഇത്തവണ ചെന്നൈ ടീമിലുണ്ട്.

തുടർച്ചയായി എട്ട് സീസണുകളിൽ ധോണിയായിരുന്നു ചൈന്നൈ സൂപ്പർ കിങ്സിന്റെ നായകൻ. പിന്നീട് രണ്ട് സീസണുകളിൽ രാജസ്ഥാൻ റോയൽസിനൊപ്പം ചെന്നൈയും പുറത്തിരിക്കേണ്ടി വന്നു. ഈ സമയത്ത് പുണെ ടീമിലാണ് ധോണി കളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ