ഐപിഎല്ലില്‍ ചൈന്നൈ സൂപ്പര്‍ കിങ്സിന്റെ തിരിച്ചു വരവിന് മുന്നോടിയായി വികാരാധീനനായി നായകന്‍ മഹേന്ദ്ര സിങ് ധോണി. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം വിലക്ക് നേരിട്ട ടീം 11-ാം സീസണില്‍ ധോണിയുടെ നായകത്വത്തിലാണ് തിരികെ എത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങിനിടെയാണ് ധോണി വാക്കുകള്‍ ഇടറി സംസാരിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതിന് ശേഷം തന്റെ ക്രിക്കറ്റ് കരിയറിലെ യാത്രയെ കുറിച്ച് പറഞ്ഞ് അദ്ദേഹം വികാരാധീനനായി. മഞ്ഞ ജഴ്സിയില്‍ താന്‍ കളിക്കുന്നില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം തന്നെ ഏറെ സങ്കടപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യന്‍ ടീമിനായി കളിച്ചു, ജാര്‍ഖണ്ഡിനായി കളിച്ചു, ചെന്നൈയ്ക്ക് വേണ്ടി എട്ട് വര്‍ഷവും കളിച്ചു. അതുകൊണ്ട് തന്നെ മഞ്ഞയില്‍ എന്നെ കാണാന്‍ കഴിയില്ലല്ലോ എന്നത് എന്നെ വിഷമിപ്പിച്ച കാര്യമാണ്. എന്നാല്‍ ഇതൊരു പ്രൊഫഷണല്‍ മൽസരമാണ്. ചെന്നൈയ്ക്ക് വേണ്ടിയല്ലെങ്കിലും മറ്റേതൊരു ടീമിന് വേണ്ടി കളിച്ചാലും വിജയത്തിനായുളള ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായിട്ടുണ്ട്’, ഒരു ഘട്ടത്തില്‍ ധോണിയുടെ വാക്ക് ഇടറിയപ്പോള്‍ സുരേഷ് റെയ്ന അദ്ദേഹത്തിന് വെളളം എത്തിച്ച് കൊടുത്ത് ആശ്വസിപ്പിച്ചു.

തുടർച്ചയായി എട്ട് സീസണുകളിൽ ധോണിയായിരുന്നു ചൈന്നൈ സൂപ്പർ കിങ്സിന്റെ നായകൻ. പിന്നീട് രണ്ട് സീസണുകളിൽ കോഴവിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനൊപ്പം ചെന്നൈയും പുറത്തിരിക്കേണ്ടി വന്നു. ഈ സമയത്ത് പുണെ ടീമിലാണ് ധോണി കളിച്ചത്. 8 സീസണുകളിൽ 2 തവണ (2010, 2011) ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ചാംപ്യന്മാരായി. നാലു തവണ റണ്ണേഴ്സ് അപ് ആയി. ഒരിക്കൽപ്പോലും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തിന് പിറകിൽ ചൈന്നെ പോയിട്ടില്ല.

കോഴ വിവാദത്തെ തുടര്‍ന്നാണ് ചൈന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ വിലക്ക് വന്നത്. ചെന്നൈ ടീമിനൊപ്പം കോഴ ആരോപണത്തില്‍പ്പെട്ട രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് വന്നിരുന്നു. ഇതേത്തുടർന്ന് 2016 ലും 2017 ലും ഐപിഎല്ലിൽ രണ്ടു ടീമുകൾക്കും കളിക്കാനായില്ല. ഇത്തവണ 2 ടീമുകൾക്കും കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ