വിലക്കിന് ശേഷമുള്ള തങ്ങളുടെ തിരിച്ച് വരവ് ശരിക്കും ആഘോഷിച്ചാണ് ചെന്നൈ കളിക്കുന്നത്. ആരാധകരെ യാതൊരു വിധത്തിലും നിരാഷപ്പെടുത്താതെയാണ് ധോണിയുടെ ടീം മുന്നേറുന്നത്. മറ്റുള്ളവരേക്കാള്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച് ആദ്യ ക്വാളിഫയറിന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകയാണ് ടീം.

സീസണിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് കൊണ്ടായിരുന്നു ചെന്നൈ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനം സ്ഥാനത്തെത്തിയത്. ടീമിന്‍റെ ഏറ്റവും വലിയ ശക്തി എന്നത് ഇപ്പോഴും പറയാന്‍ സാധിക്കുക ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയാണ്. ആദ്യം ബോള്‍ ചെയ്യാന്‍ എടുത്ത ധോണിയുടെ തീരുമാനം ശരിയെന്നു വെയ്ക്കുന്നതായിരുന്നു ചെന്നൈയുടെ ബോളിംഗ് നിരയുടെ പ്രകടനം. പഞ്ചാബിനെ 153 റണ്‍സില്‍ അവര്‍ ചുരുട്ടി കെട്ടി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയും പഞ്ചാബിന് മുന്നില്‍ ചെറുതായൊന്നു പതറി. തുടക്കക്കാര്‍ പതറിയിടത്ത് റെയ്നയുടെ കരുത്തില്‍ ടീം പിടിച്ച് നില്‍ക്കുകയായിരുന്നു.ഇതിനെ പുറമെയാണ് ധോണി കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രൊമോഷന്‍ നല്‍കി ചഹറിനെ ബാട്ടിങ്ങിനിറക്കിയത്. ഭാജി പുറത്തായ ഉടനെ ധോണി ചഹറിനെ ഇറക്കുകയായിരുന്നു. ധോണിയുടെ ആ തീരുമാനം ഒട്ടും തെറ്റിയില്ല എന്ന് തന്നെ ചഹര്‍ തെളിയിച്ചു കൊടുത്തു. 20 പന്തില്‍ നിന്ന് 39 ണ്‍സ് നേടി ടീമിന് വളരെ വലിയ താങ്ങ് കൊടുത്ത് ചഹര്‍.

വാലറ്റക്കാരെ നേരത്തെ ഇറക്കാനുളള തന്റെ തന്ത്രത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ധോണി.വാലറ്റക്കാരെ നേരത്തെ ഇറക്കിയാല്‍ ബൗളര്‍മാര്‍ ആശങ്കയിലാകുമെന്നതിനാലാണ് അങ്ങനൊരു തീരുമാനത്തിലേക്ക് പോയതെന്ന് ധോണി പറയുന്നു. എന്തു ചെയ്യണമെന്ന് അവര്‍ക്ക് വ്യക്തയുണ്ടാകില്ലെന്നും അതോടെ വിക്കറ്റുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നും ധോണി പറയുന്നു.അതൊരു കെയോസ് തിയറിയാണെന്ന് ധോണി പറയുന്നു.

ധോണിയുടെ അവസാന സിക്സര്‍ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ എല്ലാം ഭംഗിയായി.സിക്സ് അടിച്ച് കളി ജയിപ്പിക്കുക എന്നത് പണ്ട് മുതലേ ധോണിയുടെ ശീലമാണ്. “എല്ലാ കളിക്കാരും വളരെ തയാറായിരുന്നു. അത് കൊണ്ട് ഞാന്‍ ഒരു വലിയ ഷോട്ട് കൊണ്ട് കളി അവസാനിപ്പിക്കാം എന്ന് കരുതി”,ഇങ്ങനെയായിരുന്നു കളിയ്ക്ക് ശേഷമുള്ള ധോണിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ