മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മടങ്ങിവരവ് ആഘോഷമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് ധോണിയും സംഘവും തിരിച്ചുവരവ് ഗംഭീരമാക്കിയത്. ബാറ്റിങ്ങ് വെടിക്കെട്ട് കാഴ്ചവെച്ച കരീബിയൻ താരം ഡ്വെയിൻ ബ്രാവോയാണ് കളിയിലെ താരം.

മുംബൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ അവിസ്മരണീയ തിരിച്ച് വരവിലൂടെയാണ് വിജയം വെട്ടിപ്പിടിച്ചത്. അരങ്ങേറ്റക്കാരൻ​ മാർഖണ്ഡേയക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ധോണിയും അമ്പാടി റായിഡുവും പെട്ടെന്ന് മടങ്ങി. ഷെയ്ൻ വാട്സണേയും സുരേഷ് റെയ്നയെയും വീഴ്ത്തി ഹർദ്ദിഖ് പാണ്ഡ്യയും ചെന്നൈയെ നിലയില്ലാ കയത്തിലേക്ക് തളളിയിട്ടു.

എന്നാല്‍ തോറ്റു എന്ന് ഉറപ്പിച്ചിടത്ത് നിന്ന് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിൻ ബ്രാവോ ചെന്നൈയെ കൈപ്പിടിച്ച് ഉയർത്തി. ജസ്പ്രീത് ബൂംറയെയും മിച്ചൽ മഗ്‌ലൈഗനേയും അടിച്ച് പരത്തിയ ബ്രാവോ 30 പന്തിൽ 68 റൺസാണ് നേടിയത്. 3 ഫോറും 7 പട്കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രാവോയുടെ ഇന്നിങ്ങ്സ്.

എന്നാൽ 19 ആം ഓവറിലെ അവസാന പന്തിൽ ബ്രാവോ മടങ്ങിയപ്പോൾ മുംബൈ വീണ്ടും പ്രതീക്ഷിച്ചു. എന്നാൽ പരുക്ക് മൂലം പവലിയനിലേക്ക് മടങ്ങിയ കേദാർ യാദവ് തിരിച്ച് എത്തിയതോടെ ചെന്നൈ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. മിച്ചൽ മഗ്‌ലൈനഗന്റെ ആദ്യ പന്ത് സിക്സർ പറത്തി തുടങ്ങിയ ജാദവ് വിജയ റണ്ണും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 40റണ്‍സും, സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 43 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുണാല്‍ പാണ്ഡ്യ 22 പന്തില്‍ 41 റണ്‍സെടുത്തതാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ചെന്നൈയ്ക്കായി വാട്സണ്‍ രണ്ടും ചഹാറും താഹിറും ഓരോ വിക്കറ്റും വീഴ്‌ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ