മുംബൈ: വാങ്കഡേ സ്റ്റേഡിയത്തിൽ നിർണായക മൽസരത്തിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം. എന്നാൽ തുടരെ നാല് വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ റോയൽസ് മൽസരത്തിലേക്ക് തിരികെയെത്തി. പക്ഷെ അവസാന ഓവറുകളിൽ ബോളർമാരെ വെളളം കുടിപ്പിച്ച് ഹാർദിക് പാണ്ഡ്യ മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

നിശ്ചിത 20 ഓവറിൽ 168 റൺസാണ് മുംബൈ നേടിയത്. മൽസരം ഇരു ടീമുകൾക്കും നിർണായകമാണ്. അതിനാൽ തന്നെ വിജയിച്ചേ ഒടുങ്ങൂ എന്ന വാശിയിലാണ് ഇരു ടീമുകളും.

ആദ്യ വിക്കറ്റിൽ സൂര്യകുമാർ യാദവും ഇവിൻ ലൂയിസും ചേർന്ന് മുംബൈയ്ക്ക് വേണ്ടി 87 റൺസ് നേടി.  31 പന്തിൽ 38 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് മടങ്ങിയത്. നേരിട്ട ആദ്യ പന്തിൽ സംപൂജ്യനായി ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയത് മുംബൈയ്ക്ക് ക്ഷീണമായി.

ഓപ്പണർ സൂര്യകുമാർ യാദവിനെ ഉനദ്‌കടിന്റെ കൈകളിൽ എത്തിച്ച് ജെഫ്രി ആർച്ചറാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടടുത്ത പന്തിൽ ഹിറ്റ്മാൻ രോഹിത് ശർമയെ ഇതേ പൊസിഷനിൽ ഉനദ്‌കടിന്റെ തന്നെ കൈകളിൽ ജെഫ്രി എത്തിച്ചു.

പിന്നാലെ റൺറേറ്റ് ഉയർത്താൻ ശ്രമിച്ച ഇവിൻ ലൂയിസും ടീം സ്കോർ 108 ൽ നിൽക്കെ പുറത്തായി.  ടീം സ്കോർ 119 ൽ നിൽക്കെ കൂറ്റനടിക്കാരൻ കിഷനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച ബെൻ സ്റ്റോക്സാണ് രാജസ്ഥാന്റെ നാലാം വിക്കറ്റ് വീഴ്ത്തിയത്.

പിന്നാലെ വന്ന കൃണാൽ പാണ്ഡ്യയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഏഴ് പന്തിൽ മൂന്ന് റൺസെടുത്ത കൃണാലിനെ ഉനദ്‌‍കടിന്റെ പന്തിൽ കൃഷ്ണപ്പ ഗൗതം പിടിച്ച് പുറത്താക്കി. ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്ത് ശേഷിക്കെയാണ് ഹാർദിക് പാണ്ഡ്യ മടങ്ങിയത്.  പറപറക്കും ക്യാച്ചിലൂടെ മലയാളി താരം സഞ്ജു വി.സാംസണാണ് ഹാർദിക്കിനെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ