മൊഹാലി: പതിനൊന്ന് വർഷത്തെ ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർദ്ധസെഞ്ച്വറി തികച്ച് കെഎൽ രാഹുൽ. ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ വെറും 14 പന്തിലാണ് രാഹുൽ 51 റൺസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 167 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് മൂന്ന് ഓവറിൽ 52 റൺസാണ് അടിച്ചുകൂട്ടിയത്.

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ 11 കോടിയെറിഞ്ഞാണ് പഞ്ചാബ് കെഎൽ രാഹുലിനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റ്സ്‌മാന്മാർ പലരെയും ബാക്കിനിർത്തി രാഹുലിന് വേണ്ടി ഇത്രയും പണം മുടക്കിയ പഞ്ചാബിനെ പരിഹസിച്ചവരാണ് അധികവും. എന്നാൽ വിമർശകർക്കെല്ലാമുളള മറുപടിയായി രാഹുലിന്റെ ആദ്യ മത്സരത്തിലെ തന്നെ പ്രകടനം.

മൂന്ന് സിക്‌സും ആറ് ഫോറുമടക്കമാണ് കെഎൽ രാഹുലിന്റെ അർദ്ധസെഞ്ച്വറി. ട്രന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടിച്ച രാഹുൽ തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിയെയും ഒരു സിക്സും ഫോറും പറത്തി. മൂന്നാമത്തെ ഓവർ എറിഞ്ഞ അമിത് മിശ്രയെ പക്ഷെ രണ്ട് സിക്സും മൂന്ന് ഫോറും പറത്തിയ രാഹുൽ ഈ ഓവറിൽ 26 റൺസാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ