ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ കൊൽക്കത്തയുടെ മികച്ച പ്രകടനം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ബാറ്റ്സ്‌മാന്മാർ തകർത്തടിച്ചെങ്കിലും പിന്നീട് മികച്ച ബോളിങ് പ്രകടനമാണ് കൊൽക്കത്ത കാഴ്ചവച്ചത്. 12 ഓവറിൽ 120 റൺസ് നേടിയ ടീമിന് അവസാന ഓവറിൽ മൂന്ന് വിക്കറ്റാണ് നഷ്ടമായത്.

നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഹൈദരാബാദിന് നേടാനായത്. വിജയിച്ചില്ലെങ്കിലും വലിയ റൺ മാർജിനിൽ പരാജയപ്പെട്ടാൽ അത് കൊൽക്കത്തയ്ക്ക് പ്ലേ ഓഫിൽ നിന്ന് പുറത്തേക്കുളള വാതിലിന്റെ താഴ് തുറക്കുന്നത് പോലെയാകും. എങ്കിലും താരതമ്യേന ജയിക്കാവുന്ന സ്കോറാണ് കൊൽക്കത്തയ്ക്ക് ഇത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ഓപ്പണർമാരായ ഗോസ്വാമിയും ശിഖർ ധവാനും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീവത്സ് ഗോസ്വാമി 26 പന്തിൽ 35 റൺസ് നേടിയപ്പോൾ ശിഖർ ധവാൻ 39 പന്തിൽ അർദ്ധസെഞ്ച്വറി നേടി പുറത്തായി.

കൂറ്റനടികളുമായി മുന്നേറിയ നായകൻ കെയ്ൻ വില്യംസൺ 17 പന്തിൽ 36 റൺസുമായി മടങ്ങി. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയാണ് കൊൽക്കത്തയ്ക്ക് എതിരെ മികച്ച സ്കോർ കണ്ടെത്താൻ ടീമിനെ സഹായിച്ച നാലാമത്തെ താരം. ഇദ്ദേഹം 21 പന്തിൽ 25 റൺസ് നേടി. പിന്നീടാരും കാര്യമായ സംഭാവന ടീം സ്കോറിൽ നൽകിയില്ല.

പ്രസിദ്ധ് കൃഷ്ണ നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

നാളെ ഡൽഹിയും മുംബൈയും തമ്മിലുളള മത്സരം ജയിച്ചാൽ മുംബൈ പ്ലേ ഓഫിലെത്തും. റൺ റേറ്റിൽ ഏറെ മുന്നിലാണ് മുംബൈ. എന്നാൽ രാജസ്ഥാൻ അവസാന മത്സരം വിജയിച്ച് 14 പോയിന്റ് നേടിയതോടെ കൊൽക്കത്തയ്ക്ക് വെല്ലുവിളിയായി.

നാലാം സ്ഥാനത്തുളള രാജസ്ഥാന് -0.250 യാണ് നെറ്റ് റൺറേറ്റ്. അതേസമയം -0.90 ആണ് കൊൽക്കത്തയുടെ റൺറേറ്റ്. ഹൈദരാബാദിന്റെ ശക്തമായ ബോളിങ് നിരയ്ക്ക് മുന്നിൽ വലിയ മാർജിനിൽ അടിയറവ് പറഞ്ഞാൽ കൊൽക്കത്തയ്ക്കത് പുറത്തേക്കുളള വഴിയാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ