IPL 2018 Live, RR vs RCB: ജയ്‌പൂർ: ഐപിഎല്ലിലെ മരണക്കളിയിൽ നേരിട്ട ആദ്യ പന്തിൽ തന്നെ മലയാളി താരവും ഐപിഎല്ലിലെ മികച്ച ബാറ്റ്സ്‌മാന്മാരിൽ ഒരാളുമായ സഞ്ജു സാംസൺ പുറത്തായി. ഓപ്പണറായി ക്രീസിലെത്തിയ രാഹുൽ ത്രിപദി സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശിയത് രാജസ്ഥാന് കരുത്തായി.

നിശ്ചിത 20 ഓവറിൽ 164 റൺസാണ് രാജസ്ഥാൻ നേടിയത്. രാഹുൽ ത്രിപദി 58 പന്തിൽ 80 റൺസെടുത്തു. മികച്ച രീതിയിലാണ് ബെംഗലുരുവിന്റെ ബോളർമാർ പന്തെറിഞ്ഞത്. നേരിട്ട നാലാം പന്തിൽ തന്നെ ജോഫ്ര ആർച്ചറെ ബെംഗലുരു മടക്കി. സംപൂജ്യനായാണ് ഇദ്ദേഹവും മടങ്ങിയത്.

മൂന്നാമനായി ക്രീസിലെത്തി ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് രാഹുൽ ത്രിപദിക്ക് കൂട്ടായത്. 31 പന്തിൽ 33 റൺസ് നേടിയ രഹാനെയെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കി.

പിന്നാലെ ക്രീസിലെത്തിയ സഞ്ജുവിനെ ഉമേഷ് യാദവ് ആദ്യ പന്തിൽ തന്നെ മൊയീൻ അലിയുടെ കൈകളിലെത്തിച്ചു.

ഹെൻറിച്ച് ക്ലാസൻ ആക്രമിച്ച് കളിച്ചെങ്കിലും 21 പന്തിൽ 32 റൺസെടുക്കാനെ അദ്ദേഹത്തിനും സാധിച്ചുളളൂ. കൃഷ്ണപ്പ ഗൗതം അഞ്ച് പന്തിൽ 14 റൺസെടുത്തെങ്കിലും അവസാന പന്തിൽ റണ്ണൗട്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ