പുണെ: പ്ലേ ഓഫ് ബർത്ത് ലക്ഷ്യമിട്ട് കളിക്കുന്ന  ചെന്നൈക്കെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ശിഖർ ധവാന്റെയും കെയ്ൻ വില്യംസണിന്റെയും ബാറ്റിങ് മികവിൽ 179 റൺസ് നേടി. അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായത് അവസാന ഓവറുകളിൽ സൺറൈസേഴ്‌സ് ടീമിന് തിരിച്ചടിയായി.

ആദ്യം പ്രതിരോധത്തിലൂന്നിയാണ് ഹൈദരാബാദ് താരങ്ങൾ ബാറ്റ് വീശിയത്. ഷർദ്ദുൽ താക്കൂറിന്റെയും ദീപക് ചഹാറിന്റെയും ഡേവിഡ് വില്ലിയുടെയും പന്തുകളിൽ റൺസ് കണ്ടെത്താൻ തുടക്കത്തിൽ അവർ നന്നേ ബുദ്ധിമുട്ടി.

ആദ്യ ഒൻപത് ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാൽ ഇതിനോടകം നിലയുറപ്പിച്ചിരുന്ന നായകൻ കെയ്ൻ വില്യംസണും ഓപ്പണർ ശിഖർ ധവാനും അടി തുടങ്ങിയതോടെ ഹൈദരാബാദിന്റെ സ്കോറിങ് കുതിച്ച് മുന്നേറി.

10-ാം ഓവറിൽ 11 റൺസ് അടിച്ച ഇരു താരങ്ങളും 16-ാം ഓവർ വരെ തകർത്തടിച്ചു. 16-ാം ഓവറിലെ അവസാന പന്തിൽ ധവാൻ പുറത്താകുമ്പോൾ ഹൈദരാബാദ് 141 റൺസ് നേടിയിരുന്നു. 17-ാം ഓവറിലെ ആദ്യ പന്തിൽ കെയ്ൻ വില്യംസണിനെയും നഷ്ടപ്പെട്ടതോടെ ഹൈദരാബാദിന് പിന്നെ കാര്യമായി സ്കോർ ചെയ്യാനായില്ല.

10 മുതൽ 16 വരെയുളള ഏഴ് ഓവറുകളിൽ 11 റൺസിന് മുകളിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയിരുന്നു. ഈ ഏഴ് ഓവറിൽ നിന്ന് മാത്രം 90 റൺസാണ് താരങ്ങൾ നേടിയത്. എന്നാൽ ഈ റൺറേറ്റ് ഇതേ നിലയിൽ ഉയർത്താൻ മറ്റ് താരങ്ങൾക്ക് സാധിച്ചില്ല.

ശിഖർ ധവാൻ 49 പന്തിൽ 10 ഫോറും മൂന്ന് സിക്സും അടക്കം 79 റൺസ് നേടി. 39 പന്തിൽ 51 റൺസ് നേടിയ കെയ്ൻ വില്യംസൺ അഞ്ച് ഫോറും രണ്ട് സിക്സറും പറത്തി. ദീപക് ഹൂഡ 11 പന്തിൽ 21 റൺസ് നേടി ഹൈദരാബാദിന്റെ അവസാന ഓവറുകളിൽ പൊരുതിനിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ