ഐപിഎൽ സീസണിൽ ആദ്യ പകുതിയിൽ മുന്നിൽ നിന്ന ടീം. അതായിരുന്നു രാജാവിന്റെ പടയാളികളായ കിംഗ്‌സ് ഇലവൻ പഞ്ചാബ്. എന്നാൽ രണ്ടാം പകുതിയിൽ കളി പാടേ മറന്ന ടീം പിന്നീട് ജയിക്കാനായി പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന് ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 153 റൺസിന് എല്ലാവരും പുറത്തായി.

ഇന്നും കളി സമാനമായിരുന്നു. ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. പക്ഷെ പിന്നീടവർ തിരികെ വന്നെങ്കിലും ചെന്നൈയുടെ ബോളർമാർ മില്ലർ-മനോജ് കൂട്ടുകെട്ട് പൊളിച്ചു.

കരുൺ നായരുടെ ചിറകിലേറിയായിരുന്നു പിന്നീടുളള യാത്ര. പക്ഷെ ലുംഗി എംഗിടി എറിഞ്ഞ 18ാം ഓവറിൽ രണ്ട് വിക്കറ്റുകൾ തുടരെ നഷ്ടമായത് വെല്ലുവിളിയായി.

രണ്ടാം ഓവറിലായിരുന്നു ആദ്യ വിക്കറ്റ്. അംപയർ ഔട്ട് വിധിക്കാതിരുന്നട്ടും ക്രിസ് ഗെയ്ൽ ക്രീസ് വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ക്രിക്കറ്റിലെ മാന്യതയാണ് അവിടെ തെളിഞ്ഞത്. ഈ സമയത്ത് റിവ്യു വിളിക്കാനുളള ചർച്ചയിലായിരുന്ന ക്യാപ്റ്റൻ കൂൾ ധോണി.

ദീപക് ചഹാറിന്റെ ഊഴമായിരുന്നു പിന്നീട്. കൂറ്റനടിക്ക് ശ്രമിച്ച ഫിഞ്ചിന്റെ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത് സുരേഷ് റെയ്‌നയുടെ കൈകളിലെത്തി.

നാലാം ഓവറിലെ ലുഗിടിയുടെ അവസാന പന്തിൽ ലീവ് ചെയ്യാനുളള കെഎൽ രാഹുലിന്റെ തീരുമാനം അദ്ദേഹത്തെ തിരിച്ചടിച്ചു. പന്ത് ഓഫ് സ്റ്റംപ് തെറിപ്പിച്ചതോടെ മൂന്നാം വിക്കറ്റും വീണു. ഈ സമയത്ത് പഞ്ചാബിന്റെ സ്കോർ വെറും 16 റൺസ് മാത്രം.

ഭേദപ്പെട്ട നിലയിൽ ബാറ്റ് വീശിയ മനോജ് തിവാരിയും മില്ലറും ചേർന്ന് കിംഗ്‌സ് ഇലവന്റെ സ്കോറിംഗ് ഉയർത്തി.

മനോജ് തിവാരി 30 പന്തിൽ 35 ഉം ഡേവിഡ് മില്ലർ 22 പന്തിൽ 24 ഉം നേടി. അവസാന ഓവറുകളിൽ കരുൺ നായറായിരുന്നു പഞ്ചാബിന്റെ റൺവേട്ടക്കാരൻ. എന്നാൽ 26 പന്തിൽ 54 റൺസ് നേടിയ കരുൺ നായരെ വീഴ്ത്തി പഞ്ചാബിന്റെ റൺവേട്ടയ്ക്ക് ചെന്നൈ അവസാനത്തെ ആണിയും അടിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ