ഇൻഡോർ: ഐപിഎല്ലിലെ നിർണായക മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് തകർന്നടിഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബോളിങ്ങിന് മുന്നിൽ വെറും 88 റൺസിന് പഞ്ചാബ് കൂടാരം കയറി. ഏഴ് ബാറ്റ്സ്‌മാന്മാർ രണ്ടക്കം കാണാതെ പുറത്തായി.

ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്‌ലി കിങ്സ് ഇലവൻ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്ലേ ഓഫിലേക്ക് അവസാന സാധ്യതയുമായി നിൽക്കുന്ന ബെംഗളൂരുവിന് ഈ മൽസരത്തിലും ഇനിയുളള മൽസരത്തിലും ജയിച്ചേ പറ്റൂ. 12-ാം മൽസരം കളിക്കുന്ന കിങ്സ് ഇലവന് പ്ലേ ഓഫ് ബർത്ത് ഉറപ്പിക്കാൻ മൂന്ന് വിജയം അനിവാര്യമാണ്.

ശക്തമായ പേസ് ആക്രമണമാണ് ബെംഗളൂരു അഴിച്ചുവിട്ടത്. ആദ്യ രണ്ട് ഓവറുകളിൽ ക്രിസ് ഗെയ്ൽ പോലും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. എന്നാൽ പതിയെ താളം കണ്ടെത്തിയ പഞ്ചാബ് ബാറ്റ്സ്‌മാന്മാർ ആക്രമിക്കാൻ തുടങ്ങിയതോടെ ബെംഗളൂരു പതറി.

എന്നാൽ കെ.എൽ.രാഹുലിനെ മടക്കി ഉമേഷ് യാദവ് ബെംഗളൂരുവിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 14 പന്തിൽ 21 റൺസുമായാണ് രാഹുൽ മടങ്ങിയത്. പിന്നാലെ ക്രിസ് ഗെയ്‌ലും ഉമേഷ് യാദവിന് മുന്നിൽ ബാറ്റ് വച്ച് മടങ്ങി. 14 പന്ത് നേരിട്ട ഗെയ്ൽ 18 റൺസാണ് നേടിയത്.

മുഹമ്മദ് സിറാജിന്റെ ഓവറിൽ വിരാട് കോഹ്‌ലി സ്ലിപ്പിൽ ക്യാച്ചെടുത്തതോടെ കരുൺ നായരും യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി സ്റ്റോയിനിസും മടങ്ങി. പിന്നാലെ ഗ്രാന്റ് ഹോമിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ ക്യാച്ചെടുത്ത് മയങ്ക് അഗർവാളും പുറത്തായതോടെ പഞ്ചാബിന് മുൻനിര ബാറ്റ്സ്‌മാന്മാരെ മുഴുവൻ നഷ്ടമായി.

പൊരുതാൻ ശ്രമിച്ച ഫിഞ്ചിനെ (23 പന്തിൽ 26) തേർഡ്‌മാനിൽ വിരാട് കോഹ്‌ലി പിടികൂടിയതോടെ പഞ്ചാബിന്റെ തകർച്ച സമ്പൂർണമായിരുന്നു. 15.1 ഓവറിലാണ് പഞ്ചാബ് ടീം കൂടാരം കയറിയത്. ആദ്യ പകുതിയിൽ സീസണിലെ മികച്ച ടീമെന്ന കേൾവികേട്ട പഞ്ചാബ് പക്ഷെ രണ്ടാം പകുതിയിൽ ഒന്നിന് പുറകെ ഒന്നായി കളികൾ തോറ്റിരുന്നു. എങ്കിലും 11 മൽസരങ്ങളിൽ നിന്ന് 12 പോയിന്റുളള ടീം ഈ കളി ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനുളള ശ്രമത്തിലാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook