ന്യൂഡൽഹി: കേൾവി കേട്ട സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം. ഫിറോസ് ഷാ കോട്‌ല മൈതാനത്ത് സെഞ്ചുറി പ്രകടനം കാഴ്ചവച്ച പന്തിന്റെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ 187 റൺസ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിക്ക് അത്ര സുഖകരമായ തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ എട്ടോവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഡൽഹിയുടെ ബാറ്റിംഗ് നിര പതറി. വെറും 48 റൺസ് മാത്രമേ ഡൽഹിക്ക് നേടാനായുളളൂ.

എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച ഋഷഭ് പന്ത് നിരന്തരം ബൗണ്ടറികൾ പായിച്ചതോടെ സ്കോറിംഗിന്റെ  വേഗം കൂടി. പിന്നീട് 11 ഓവറിൽ 139 റൺസാണ് അടിച്ചുകൂട്ടിയത്.  ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിൽ മാത്രം മൂന്ന് സിക്സും രണ്ട് ഫോറും പായിച്ച ഋഷഭ് പന്ത് ആകെ നേരിട്ട 63 പന്തിൽ നിന്ന് 128 റൺസ് നേടി.

ഇന്നിംഗ്‌സിൽ ആകെ 15 ഫോറും ഏഴ് സിക്‌സുമാണ് താരം നേടിയത്. ഹർഷൽ പട്ടേൽ 17 പന്തിൽ 24 നേടിയതൊഴിച്ചാൽ ഡൽഹി നിരയിലാരും മിന്നിയില്ല. ഹൈദരാബാദ് നിരയിൽ ഭുവനേശ്വർ കുമാർ 4 ഓവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. സിദ്ധാർത്ഥ് കൗൾ 4 ഓവറിൽ 48 റൺസ് വഴങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook