ജയ്‌പൂർ: ഐപിഎല്ലിൽ മികച്ച ഫോമിൽ ബാറ്റ് വീശുന്ന മലയാളി താരം സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കാതെ വീണ്ടും രാജസ്ഥാൻ റോയൽസ്. ജോസ് ബട്‌ലറെ തന്നെയാണ് വിക്കറ്റ് കീപ്പറാക്കി ഇത്തവണയും രാജസ്ഥാൻ രംഗത്തിറക്കിയത്.

ഡൽഹി ഡയർഡെവിൾസിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങാണ് തിരഞ്ഞെടുത്തത്. എന്നാൽ അതിശക്തമായ മഴ കളി തടസപ്പെടുത്തി. വൈകുന്നേരം മുതൽ കനത്ത മഴ പെയ്‌ത മൈതാനം മത്സരത്തിന് അനുയോജ്യമാക്കാനുളള ശ്രമങ്ങൾ തുടരുകയാണ്.

രാഹുൽ തിവേതിയക്ക് പകരം ഷഹബാസ് നദീമുമായാണ് ഡൽഹി കളിക്കാനിറങ്ങുന്നത്. അതേസമയം ഇഷ് സോധിയെ മാറ്റി ഡി’ആർസിയെയും മഹിപാൽ ലോംറോറിന് പകരം ശ്രേയസ് ഗോപാലിനെയും രാജസ്ഥാൻ രംഗത്തിറക്കിയിട്ടുണ്ട്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു വി സാംസൺ മികച്ച ഫോമിലാണ് ഇത്തവണ ബാറ്റ് വീശിയത്. കളിച്ച എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച സാംസൺ ഫീൽഡിലും തന്റെ മികവ് തെളിയിച്ചിരുന്നു. എന്നാൽ ഫോമിലല്ലാത്ത ബട്‌ലറെയാണ് രാജസ്ഥാൻ ഇത്തവണയും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നിരവധി അവസരങ്ങൾ വിക്കറ്റിന് പുറകിൽ വിട്ടുകളഞ്ഞ ബട്‌‌ലർക്കെതിരെ രാജസ്ഥാന്റെ ആരാധകർ ഒന്നടങ്കം വിമർശനം ഉന്നയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ