ന്യൂഡൽഹി: ഐപിഎൽ സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഡൽഹിക്കെതിരെ മുംബൈ ഇന്ത്യൻസ് തോറ്റു. ഇതോടെ പ്ലേ ഓഫ് കാണാതെ ടീം പുറത്തായി. ആദ്യാവസായം സസ്പെൻസ് നിറഞ്ഞ കളിയിൽ നാല് റൺസിനാണ് ടീം പരാജയപ്പെട്ടത്.

175 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് 163 റൺസിന് എല്ലാവരും പുറത്തായി. അവാസന ഓവറുകളിൽ ആഞ്ഞടിച്ച് കട്ടിംഗ് മുംബൈയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും 20ാമത്തെ ഓവറിൽ കട്ടിംഗിനെയും ബുമ്രയെയും പുറത്താക്കി ഹർഷദ് പട്ടേൽ ഡൽഹിക്ക് വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് ടീം നേടിയത്.

മുംബൈയുടെ സൂര്യകുമാർ യാദവ് (നാല് പന്തിൽ 14), ഇവിൻ ലൂയിസ് (31 പന്തിൽ 48), ഇഷാൻ കിഷൻ (13 പന്തിൽ അഞ്ച്), പൊള്ളാർഡ് (ഏഴ് പന്തിൽ ഏഴ്), രോഹിത് ശർമ്മ (11 പന്തിൽ 13), ക്രുണാൽ പാണ്ഡ്യ (മൂന്ന് പന്തിൽ നാല്), ഹർദ്ദിക് പാണ്ഡ്യ(17 പന്തിൽ 27) എന്നിവരാണ് പുറത്തായത്.

ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് വെടിക്കെട്ട് ബാറ്റ്സ്‌മാൻ ഋഷഭ് പന്ത് പുറത്തെടുത്തത്. 44 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 64 റൺസാണ് പന്ത് നേടിയത്. 30 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 43 റൺസ് നേടിയ വിജയ് ശങ്കറും ഡൽഹിക്ക് വേണ്ടി മികച്ചു നിന്നു.

തുടക്കത്തിൽ ഗ്ലെൻ മാക്സ്വെൽ മികച്ച നിലയിലാണ് ബാറ്റ് വീശിയത്. എന്നാൽ അലസമായി കളിച്ച് പൃഥ്വി ഷാ റണ്ണൗട്ടായതിന് പിന്നാലെ മാക്സ്‌വെല്ലിനെ ബുമ്ര എറിഞ്ഞിട്ടു. ബുമ്രയുടെ പന്ത് മാക്സ്‌വെല്ലിന്റെ ബാറ്റിൽ തട്ടി ലെഗ് സ്റ്റംപ് വീഴ്ത്തുകയായിരുന്നു.

പൃഥ്വി ഷാ 12 ഉം ശ്രേയസ് അയ്യർ ആറും റൺസെടുത്ത് പുറത്തായി. അഭിഷേക് ശർമ്മ 10 പന്തിൽ 15 റൺസ് നേടി. മുംബൈയ്ക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യ, ജസ്‌പ്രീത് ബുമ്ര, മർക്കണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

അവസാന മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. ജയിച്ചാൽ രാജസ്ഥാനും പഞ്ചാബും പുറത്താകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ