/indian-express-malayalam/media/media_files/uploads/2018/05/Dwayne-Bravo.jpg)
IPL 2018 Live, DD vs CSK: സീസണിൽ ഏറ്റവും പരിതാപകരമായ പ്രകടനമായിരുന്നു ഡൽഹി ബാറ്റ്സ്‌മാന്മാർ കാഴ്ചവച്ചത്. കളിച്ച 12 മൽസരങ്ങളിൽ ജയിച്ചത് വെറും മൂന്നെണ്ണം മാത്രം. ശേഷിച്ച ഒൻപത് എണ്ണവും തോറ്റു. ഇതോടെ സീസണിൽ ആദ്യം പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ടീമും ഡൽഹിയായി.
സീസണിലെ 13-ാം മൽസരത്തിനാണ് ഇന്ന് കരുത്തരായ ചെന്നൈക്കെതിരെ അവർ ഇറങ്ങിയത്. മോശം പേര് കേൾപ്പിക്കാതെ ഭേദപ്പെട്ട നിലയിൽ സീസണിലെ പ്രകടനം അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചിരിക്കാം. ചെന്നൈക്ക് സീസണിലെ ഒന്നാം സ്ഥാനക്കാരാകാനുളള മൽസരമായിരുന്നു ഇത്.
മികച്ച നിലയിലാണ് തുടക്കത്തിൽ ചെന്നൈ ബോളർമാർ പന്തെറിഞ്ഞത്. പൃഥ്വി ഷായെ നിലയുറപ്പിക്കും മുൻപ് മടക്കിയത് മാത്രമല്ല, ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും വിക്കറ്റുകൾ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയതും ചെന്നൈക്ക് നേട്ടമായി.
തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ വിജയ് ശങ്കറും ഹർഷൽ പട്ടേലും ഡൽഹിക്ക് വേണ്ടി പൊരുതി. എന്നാൽ അവർക്ക് ഏറ്റവും നേട്ടമായത് ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറായിരുന്നു. ആദ്യ പന്ത് തന്നെ സിക്സിന് പറത്തി ഹൽഷൽ പട്ടേലാണ് ഈ ഓവറിൽ റൺവേട്ടയ്ക്ക് തുടക്കമിട്ടത്.
തൊട്ടടുത്ത പന്തിൽ സിംഗിളെടുത്ത് വിജയ് ശങ്കറിന് സ്ട്രൈക്ക് മാറി. മൂന്നാം പന്തിൽ വിജയ് ശങ്കറും സിക്സർ പറത്തിയതോടെ മൂന്ന് പന്തിൽ നിന്ന് ബ്രാവോ വിട്ടുകൊടുത്തത് 13 റൺസായി. നാലാം പന്തിൽ സിംഗിളെടുത്ത് വിജയ് ശങ്കർ, ഹർഷൽ പട്ടേലിന് സ്ട്രൈക്ക് മാറി. തൊട്ടടുത്ത അവസാന രണ്ട് പന്തിലും ബ്രാവോയെ തുടർച്ചയായി സിക്സർ പായിച്ച് ഹർഷൽ പട്ടേൽ തന്റെ കരുത്തറിയിച്ചു.
ഇതോടെ ബ്രാവോ ബോളിങ്ങിലെ ചെന്നൈയുടെ ദുരന്ത കഥാപാത്രമായി മാറി. 26 റൺസാണ് ഈ ഓവറിൽ ഡൽഹി നേടിയത്. ഇതടക്കം നാലോവറിൽ 52 റൺസാണ് ബ്രാവോ വിട്ടുകൊടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.