പുണെ: ബാലെവാഡി സ്റ്റേഡിയത്തിൽ ചെന്നൈക്കെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. കൂറ്റനടിക്കാരനായ താരം യൂസഫ് പഠാനെ ഒഴിവാക്കിയാണ് സൺറൈസേഴ്‌സ് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്.

വൃദ്ധിമാൻ സാഹയ്ക്ക് പകരം ശ്രീവത്സ് ഗോസ്വാമിയെയാണ് വിക്കറ്റ് കീപ്പറായി ഇറക്കുന്നത്. എതിർ പക്ഷത്ത് ചെന്നൈ സ്ക്വാഡിലും മാറ്റങ്ങളുണ്ട്. കരൺ ശർമ്മയ്ക്ക് പകരം ദീപക് ചാഹറിനാണ് ചെന്നൈ ടീമിൽ ഇടം ലഭിച്ചത്.

പരുക്കേറ്റതിനെ തുടർന്നാണ് യൂസഫ് പഠാനെ പുറത്തിരുത്തിയത്. ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും ഇതുവരെ 7 മൽസരങ്ങളിലാണ് കൊമ്പുകോർത്തത്. ഇതിൽ അഞ്ചിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു.

എന്നാൽ ഇക്കുറി ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ടീമാണ് സൺറൈസേഴ്‌സ്. ഇതിനോടകം പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ച ഏക ടീമും സൺറൈസേഴ്സാണ്. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ തകർപ്പൻ പ്രകടനമാണ് ടീം നടത്തുന്നത്.

അതേസമയം ചെന്നൈക്ക് പ്ലേ ഓഫിലെത്താൻ ഒരു വിജയം അനിവാര്യമാണ്. ഇന്നത്തെ മൽസരം ജയിച്ച് പ്ലേ ഓഫിൽ ഇടം ഉറപ്പിക്കാനാവും ധോണിയുടെയും സംഘത്തിന്റെയും ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ