ഇൻഡോർ: ഐപിഎല്ലിലെ നിർണായക മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 88 ന് ഓൾ ഔട്ടായതിന് പിന്നാലെ വെറും 8.1 ഓവറിൽ ആർസിബി വിജയം കണ്ടു.

ബെംഗളൂരുവിന് വേണ്ടി നായകൻ വിരാട് കോഹ്‌ലിയും പാർത്ഥിവ് പട്ടേലുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത്. ചെറിയ സ്കോർ വേഗത്തിൽ നേടി കളി അവസാനിപ്പിക്കാനുറച്ചായിരുന്നു ഇരു താരങ്ങളും ക്രീസിലെത്തിയത്. ഉദ്ദേശിച്ചത് പോലെ തുടക്കം മുതൽ തകർത്ത് ബാറ്റ് വീശിയ താരങ്ങൾ എട്ടാം ഓവറിൽ ലക്ഷ്യം കണ്ടു.

കോഹ്‌ലി 28 പന്തിൽ 48 റൺസ് നേടിയപ്പോൾ പാർത്ഥിവ് പട്ടേൽ 22 പന്തിൽ 40 റൺസ് നേടി. വിരാട് കോഹ്‌ലി രണ്ട് സിക്സും അഞ്ച് ഫോറും പറത്തിയപ്പോൾ പട്ടേൽ ഏഴ് ബൗണ്ടറികളാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ബാറ്റ്സ്മാന്മാർ ബെംഗളൂരു ബോളിങിന് മുന്നിൽ തകർന്നടിഞ്ഞിരുന്നു. ഓപ്പണർമാരായ കെ.എൽ.രാഹുലും ക്രിസ് ഗെയ്‌ലും ആരോൺ ഫിഞ്ചിനും ഒഴികെ മറ്റാർക്കും പഞ്ചാബ് നിരയിൽ രണ്ടക്കം കാണാനായില്ല.

രാഹുൽ 21 ഉം ഗെയ്ൽ 18 ഉം ഫിഞ്ച് 26 ഉം റൺസെടുത്ത് പുറത്തായി. ബെംഗളൂരു നിരയിൽ ഉമേഷ് യാദവ് നാലോവറിൽ 23 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ്, ചാഹൽ, ഗ്രാന്റ്ഹോം, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് പഞ്ചാബ് ബാറ്റ്സ്‌മാന്മാർ റണ്ണൗട്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook