ഇ​ൻ​ഡോ​ർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ മരണക്കളിയിൽ വിജയം കൊയ്‌ത് മുംബൈ ഇന്ത്യൻസിന്റെ കുതിപ്പ്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ വിജയം നേടിയതോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കാണ് മുംബൈ കുതിച്ചത്. ഒരു ഘട്ടത്തിൽ പരാജയപ്പെടും എന്ന് കരുതിയ ഇടത്ത് നിന്നാണ് പഞ്ചാബിനെതിരെ മുംബൈ വിജയം അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ച ക്രിസ് ഗെയ്‌ൽ 40 പന്തിൽ 50 റൺസ് നേടി മടങ്ങി. ആ​റു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെയാണ് ഗെയ്ൽ അർദ്ധശതകം നേടിയത്. കെ.​എ​ൽ.​രാ​ഹു​ൽ(24), യു​വ​രാ​ജ് സിങ് (14), ക​രു​ണ്‍ നാ​യ​ർ (23), അ​ഷ്ക​ർ പ​ട്ടേ​ൽ (13), മാ​ർ​ക​സ് സ്റ്റോ​യി​നി​സ് (29*), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (11) എന്നിവരാണ് പഞ്ചാബിന്റെ റൺവേട്ടയിൽ പങ്കാളികളായ മറ്റുളളവർ. അവസാന ഓവറിൽ മാർകസ് സ്റ്റോയിനിസ് നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിന്റെ സ്കോർ 170 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയും ആക്രമിച്ചല്ല കളിച്ചത്. 42 പ​ന്തി​ൽ 57 റ​ണ്‍​സ് നേ​ടിയ ഓ​പ്പ​ണ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ് മുംബൈയ്ക്ക് അടിത്തറയൊരുക്കി. 16 ഓവർ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലായിരുന്നു മുംബൈ. ജയിക്കാൻ 50 റൺസ് വേണ്ടിയിരുന്ന ടീം ഇത് നേടില്ലെന്നാണ് കാണികൾ പലരും കരുതിയത്.

എന്നാൽ 19-ാം ഓവർ പൂർത്തിയായപ്പോൾ മുംബൈ ലക്ഷ്യം കണ്ടിരുന്നു.17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 20 റൺസും 19-ാം ഓവറിൽ 17 റൺസുമായിരുന്നു മുംബൈ അടിച്ചെടുത്തത്. വെറും 18 പന്തിൽ നിന്ന് 51 റൺസ്. കൃണാൽ പാണ്ഡ്യ 12 പന്തിൽ നിന്ന് 31 റൺസ് അടിച്ചുകൂട്ടിയത് മുംബൈയ്ക്ക് കരുത്തായി. കൃണാലിനൊപ്പം രോഹിത് ശർമ്മയും പങ്കാളിയായതോടെ മുംബൈ വിജയം ആഘോഷമാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook