കൊല്‍ക്കത്ത: ചെറുതായൊന്നു അടിപതറിയതിനു ശേഷം കൊല്‍ക്കത്ത നേരെ നിന്നത് രാജസ്ഥാനെതിരെയുള്ള വിജയത്തോട് കൂടിയാണ്. അതിനു മുഖ്യ പങ്കു വഹിച്ചത് ബോളര്‍ കുല്‍ദീപ് യാദവാണ്. ഇടയ്ക് പകച്ച്‌ നിന്ന ടീമിന്‍റെ ആവേശം തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ടീമംഗങ്ങളെല്ലാവരും.

ചൊവ്വാഴ്‌ച ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പ്പിച്ചത്. ജോസ് ബട്‌ലറുടെയും (39), രാഹുല്‍ തൃപഠിയുടെയും (27) ബലത്തില്‍ തുടക്കത്തില്‍ കത്തിക്കയറിയ രാജസ്ഥാന്‍ നാല് ഓവറില്‍ 63 റണ്‍സ് എന്ന നിലയിലായിരുന്നു. അവിടെ നിന്ന് കുല്‍ദീപിന്‍റെ നേതൃത്വത്തിലുള്ള ബോളിങ് നിര രാജസ്ഥാനെ വരിഞ്ഞു കെട്ടുകയായിരുന്നു. പത്തൊമ്പത് ഓവറില്‍ 142 റണ്‍സില്‍ രാജസ്ഥാന്‍റെ ഇന്നിങ്സ് അവസാനിച്ചു.

തൃപഠിയും ബട്‌ലറും പുറത്ത് പോയ ഉടനെ രാജസ്ഥാന്റെ പതനം ആരംഭിച്ചു. 63/0 നിന്ന് പതിനാലു ഓവറില്‍ 107/7 എന്ന നിലയിലേക്കെത്തി രാജസ്ഥാന്‍. കുല്‍ദീപ് നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിക്കൊണ്ട് നാല് വിക്കറ്റുകള്‍ നേടി. ആൻഡ്രൂ റസലും പ്രസിത് കൃഷ്ണയും രണ്ടു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍, സുനില്‍ നരേയ്നും, ശിവം മവിയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

“അവരുടെ തുടക്കം കണ്ടു ഞാന്‍ ചെറുതായൊന്നു പതറിപോയിരുന്നു. എങ്ങനെയെങ്കിലും ഒരു വിക്കറ്റ് എടുക്കണം എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ. ജോസ് ബട്‌ലര്‍ നല്ല ഫോമിലായതിനാല്‍ അദ്ദേഹത്തെ ഏതു വിധേനയും പുറത്താക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത്. നമ്മുടെ ശക്തി മനസിലാക്കി സ്വയം പ്രചോദിപ്പിച്ചാല്‍ മാത്രമേ നമുക്ക് വിജയത്തിലെത്തിച്ചേരാന്‍ സാധിക്കൂ”, ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിനു ശേഷം കുല്‍ദീപ് പറഞ്ഞു.

മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയും ആദ്യം ഒന്ന് പതറി. 21 റണ്‍സുമായി നരേയ്നും നാല് റണ്‍സുമായി ഉത്തപ്പയും പുറത്ത് പോയെങ്കിലും ക്രിസ് ലിന്നും (45), ദിനേഷ് കാര്‍ത്തിക്കും (41*) കൂടി കൊല്‍ക്കത്തയെ കൈ പിടിച്ചുയര്‍ത്തി. രണ്ട് ഓവര്‍ ബാക്കി നിര്‍ത്തി കൊല്‍ക്കത്ത കളി ജയിക്കുകയും ചെയ്തു. രാജസ്ഥാനു വേണ്ടി ബെന്‍ സ്ട്രോക്സ് മൂന്നു വിക്കറ്റും ഇഷ് സോതി ഒരു വിക്കറ്റും നേടി.

കളിയ്ക്ക് ശേഷം ഹോട്ടല്‍ റൂമിലെത്തിയ കുല്‍ദീപിനെ എല്ലാവരും കൂടി കേക്കില്‍ മുക്കിയെടുക്കുകയായിരുന്നു. സഹ താരങ്ങളായ റസല്‍, ശുബ്മന്‍ ഗില്‍, ജവോന്‍ എന്നിവരാണ് 23 കാരനായ താരത്തിന്‍റെ മുഖത്ത് കേക്ക് വാരി തേച്ചത്.

“ഞാന്‍ ഒരുപാട് ശ്രമിക്കാറില്ല, എന്‍റെ കഴിവുകള്‍ പുറത്തെടുക്കാന്‍ മാത്രമേ ഞാന്‍ നോക്കാറുള്ളൂ. ട്വന്റി ട്വന്റിയില്‍ നമ്മള്‍ എപ്പോഴും മാറി കളിക്കണം. ബട്‌ലര്‍ ഒരു റിവേര്‍സ് സ്വിപ്പിനു മുതിരും എന്ന് മനസിലായത് കൊണ്ടാണ് ഞാന്‍ അങ്ങനെ ബോള്‍ ചെയ്തത്”, മാന്‍ ഓഫ് ദ മാച്ച് ആയതിനു ശേഷം താരം പങ്കുവച്ചു.

മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്‍റെ വിജയത്തിന് നട്ടെല്ലായ കുല്‍ദീപിനെ പ്രശംസിക്കാന്‍ ക്യാപ്റ്റനും മറന്നില്ല. “കുല്‍ദീപിനു അനുമോദനങ്ങള്‍. രാജ്യാന്തര നിലവാരമുള്ള ഒരു ബോളറാണു കുല്‍ദീപ്. അലസമായി നിന്ന് കൊണ്ട് പലപ്പോഴും മറ്റുള്ളവരെ പ്രതിരോധത്തിലാക്കാന്‍ അവനു കഴിയും. പക്ഷേ പരിശീലന സമയത്തുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങള്‍ വളരെ കഠിനമാണ്. എപ്പോഴും ജിമ്മില്‍ തന്നെയാണ്. മാറ്റമില്ലാതെ കുല്‍ദീപ് ഉണ്ടെങ്കില്‍ ടീമിന്‍റെ അടിത്തറയ്ക്ക് അത് ധാരാളമാണ് “, കളിക്ക് ശേഷം ദിനേഷ് കാര്‍ത്തിക്ക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ