കൊൽക്കത്ത:∙ഇന്ത്യൻ പ്രീമിയർ ലീഗിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. നാല് വിക്കറ്റിനാണ് കൊൽക്കത്ത ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ബെംഗളൂരുവിന്റെ 176 റൺസ് പിന്തുടർന്ന കൊൽക്കത്ത ഏഴ് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു.

19 പന്തിൽ അർദ്ധസെഞ്ചുറി പ്രകടനം കാഴ്ചവച്ച സുനിൽ നരെയ്‌നാണ് കൊൽക്കത്തയ്ക്ക് വിജയത്തിലേക്കുളള അടിത്തറ ഒരുക്കിയത്. ക്യാപ്റ്റൻ ദിനേഷ് കാർത്തിക് 29 പന്തിൽ 35 റൺസ് നേടി. ക്രിസ് ലെയ്ൻ (എട്ടു പന്തിൽ അഞ്ച്), റോബിന്‍ ഉത്തപ്പ (12 പന്തിൽ 13), റിങ്കു സിങ് (ആറ് പന്തിൽ ആറ്), ആന്‍ഡ്രെ റസൽ (11 പന്തിൽ 15) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ നിതീഷ് റാണ (25 പന്തിൽ 34) കൊൽക്കത്തയ്ക്ക് കരുത്തേകി.

ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 7 വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. ബ്രണ്ടൻ മക്കല്ലം (27 പന്തിൽ 43), മൻദീപ് സിങ് (18 പന്തിൽ 37) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്. കൊൽക്കത്തയ്ക്കായി വിനയ് കുമാര്‍, നിതീഷ് റാണ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും പിയൂഷ് ചൗള, സുനിൽ നരെയ്ൻ, മിച്ചൽ ജോൺസൺ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ