കൊല്‍ക്കത്ത: റണ്‍മഴ കണ്ട ഐപിഎൽ ക്രിക്കറ്റ് മൽസരത്തില്‍ കൊല്‍ക്കത്തക്കെതിരേ മുംബൈ ഇന്ത്യന്‍സ് 102 റണ്‍സിനാണ് ഇന്നലെ ജയിച്ചത്. 211 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത 108 റണ്‍സിനു എല്ലാവരും പുറത്താകുകയായിരുന്നു. 21 റണ്‍സ് വീതമെടുത്ത ക്രിസ് ലിന്, നിതീഷ് റാണെ എന്നിവര്‍ മാത്രമാണ് കൊല്ക്കത്തുവേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയുമായി ജാര്‍ഖണ്ഡ് താരം ഇഷാന് കിഷനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മൽസരത്തില്‍ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ദിനേഷ് കാര്‍ത്തിക്കിലായിരുന്നു അവസാന പ്രതീക്ഷ. എന്നാല്‍ അദ്ദേഹം റണ്‍ ഔട്ടായത് കൊല്‍ക്കത്തയ്ക്ക് പ്രഹരമായി. എന്നാല്‍ ഈ റണ്‍ഔട്ട് ആരാധകരേയും താരങ്ങളെയും ഒന്നടങ്കം നെറ്റി ചുളിപ്പിച്ചു. ജെപി ഡുമിനി എറിഞ്ഞ പന്ത് പിടിച്ച് സ്റ്റംപില്‍ കൊളളിക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ജോലി. എന്നാല്‍ പാണ്ഡ്യ പിടിച്ചെടുക്കുമ്പോള്‍ പന്ത് വഴുതി മാറി കൈയില്‍ നിന്ന് പോവുകയും പകരം പാണ്ഡ്യയുടെ കൈ തട്ടി ബൈല്‍സ് താഴെ വീഴുകയും ചെയ്തതായാണ് ദൃശ്യങ്ങളില്‍ കാണാനാവുക. തേര്‍ഡ് അംപയറിന് തീരുമാനം വിട്ടപ്പോള്‍ വ്യക്തമല്ലാതിരുന്നിട്ടും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.
Should this run-out have really stood? #IPL2018 #KKRvMI//t.co/UulrpggRkm
— Sahil Bakshi (@SBakshi13) May 10, 2018
ഇതിന് പിന്നാലെ ഇത് ഔട്ട് അല്ലെന്ന് പറഞ്ഞ് കൊല്‍ക്കത്ത ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നു. സ്റ്റംപ് ചെയ്തതിന് ശേഷം പാണ്ഡ്യയുടെ ശരീരഭാഷ ഔട്ട് അല്ലെന്നാണ് പറയുന്നതെന്നും ആരാധകര്‍ വാദിച്ചു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. 21 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ആറു സിക്സറുകളും സഹിതം 62 റണ്‍സ് നേടിയ ഇഷാനാണ് മുംബൈയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
36 റണ്‍സ് വീതം നേടിയ ഓപ്പണര്‍ സൂര്യകുമാര്‍ യാദവ്, നായകന് രോഹിത് ശര്‍മ, 24 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ് എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. മൽസരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നായകന് ദിനേഷ് കാര്‍ത്തിക് മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്കു സമ്മാനിച്ചത്.
ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 13 പന്തുകളില്‍ നിന്നു മൂന്നു ബൗണ്ടറികളോടെ 18 റണ്‍സ് നേടിയ ലൂയിസിനെ ചൗളയുടെ പന്തില്‍ ക്രിസ് ലിന് പിടികൂടുകയായിരുന്നു. പിന്നീട് നായകന് രോഹിത് ശര്‍മയും സൂര്യകുമാറും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുനയിക്കുന്നതിനിടെ ചൗള വീണ്ടും പ്രഹരമേല്പിച്ചു. ഇക്കുറി 32 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്സറും സഹിതം 36 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇരയായത്. റിങ്കു സിങ്ങാണ് ക്യാച്ച് എടുത്തത്.
പിന്നീടാണ് ഇഷാന് കിഷന്റെ ബാറ്റിങ് വിരുന്ന്. നായകന് രോഹിതിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ഇഷാന് നടത്തിയ വെടിക്കെട്ടില്‍ കൊല്‍ക്കത്ത ബോളര്‍മാര്‍ നട്ടംതിരിഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എറിഞ്ഞ ഒരോവറില്‍ തുടര്‍ച്ചയായ നാലു സിക്സറുകളടക്കം 25 റണ്‍സാണ് ഇഷാന് അടിച്ചെടുത്തത്. 17 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച ഇഷാന് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്നെ സിക്സര്‍ പായിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ ഉത്തപ്പയ്ക്ക് പിടികൊടുക്കുകയായിരുന്നു. അപ്പോഴേക്കും ടീം സ്കോര്‍ 144-ല്‍ എത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഇഷാന്-രോഹിത് സഖ്യം 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 62 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു.
പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് കാര്യമായി തിളങ്ങാനായില്ല. 13 പന്തില്‍ 19 റണ്‍സ് നേടിയ പാണ്ഡ്യയെ ടോം കുറാനും 31 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്സറും സഹിതം 36 റണ്‍സ് നേടിയ നായകന് രോഹിതിനെ പ്രസിദും മടക്കിയതോടെ മുംബൈ വീണ്ടും സ്ലോഗ് ഓവര്‍ തകര്‍ച്ച നേരിടുകയാണെന്നു തോന്നിപ്പിച്ചു.
എന്നാല്‍ വാലറ്റത്ത് ഇറങ്ങി ഒമ്പതു പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്നു സിക്സറുകളും സഹിതം 24 റണ്‍സ് നേടിയ ബെന്‍ കട്ടിങ് അവരെ 200 കടത്തി. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ രണ്ടു പന്തില്‍ നിന്ന് എട്ടു റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ ജീന്‍പോള്‍ ഡുമിനിയുമായിരുന്നു ക്രീസില്‍.
കൊല്‍ക്കത്തയ്ക്കു വേണ്ടി സ്പിന്നര്‍ പീയുഷ് ചൗള മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസീദ് കൃഷ്ണ, ടോം കുറാന്, സുനില്‍ നരെയ്ന് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook