മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങ്ങിനെ വേണ്ടത്ര രീതിയില്‍ ഉപയോഗിച്ചില്ലെന്നും പന്തെറിയാന്‍ അവസരം നല്‍കിയില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്.ധോണി. ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ഇന്നലെ നടന്ന പത്ര സമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

”എന്റെ ഗ്യാരേജില്‍ ഒരുപാട് ബൈക്കുകളും കാറുകളുമുണ്ട്. എല്ലാം ഞാന്‍ ഒരുമിച്ച് ഓടിക്കാറില്ല. ആറ് ബോളര്‍മാര്‍ കയ്യിലുണ്ടാകുമ്പോള്‍ സാഹചര്യം നോക്കേണ്ടി വരും. ആര്‍ക്കാണ് ബാറ്റ് ചെയ്യാന്‍ കൂടി പറ്റുകയെന്നും ആരെയാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും നോക്കേണ്ടി വരും,” ധോണി പറഞ്ഞു.

‘നേരത്തെ ഞങ്ങളുടെ ടീമില്‍ നേഗിയും ജഡേജയുമുണ്ടായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും വ്യത്യസ്തമായ ബോളിങ് സ്ലോട്ടുകളായിരുന്നു നല്‍കിയിരുന്നത്. ചിലപ്പോള്‍ ബാറ്റ്‌സ്മാന്മാരുടെ പിഴവിന് ബോളര്‍മാര്‍ ചീത്ത കേള്‍ക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് തന്നെ ഓരോരുത്തരേയും എങ്ങനെ കളിപ്പിക്കണം എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ബോളര്‍ എന്ന രീതിയില്‍ മാത്രമാണോ അതോ അതിനപ്പുറം എന്തെങ്കിലും സാഹചര്യം ആവശ്യപ്പെടുന്നുണ്ടോ എന്ന് പരിഗണിച്ചാണ് തീരുമാനം എടുത്തിരുന്നത്,” ധോണി വ്യക്തമാക്കുന്നു.

അവസാന കളിയില്‍ ഹര്‍ഭജനെ മാറ്റി നിര്‍ത്തിയത് അദ്ദേഹം പന്തെറിയേണ്ട സാഹചര്യമില്ലാത്തത് കൊണ്ടാണെന്നും ധോണി പറഞ്ഞു. എന്നാല്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ കഴിയുന്ന താരമാണ് ഹര്‍ഭജനെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

അതുപോലെ തന്നെ ചെന്നൈ ടീമില്‍ പ്രായം ഒരു ആശങ്ക തന്നെയായിരുന്നുവെന്നും ധോണി സമ്മതിക്കുന്നു. യുവതാരങ്ങളുടെ പ്രായം ഒരു പ്രശ്‌നമായിരുന്നുവെന്നും അവരെ ഫിറ്റ് ആക്കി നിലനിര്‍ത്തേണ്ടതുണ്ടെന്നും ധോണി പറഞ്ഞു. പരുക്ക് പറ്റാതെ നോക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ടാണ് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള ഫൈനല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ