വനിതാ ക്രിക്കറ്റില്‍ ഇന്ന് ചരിത്ര മുഹൂര്‍ത്തമാണ്. ഏറെ നാളുകളായി ക്രിക്കറ്റ് ലോകം ആവശ്യപ്പെടുന്ന വനിതാ ഐപിഎല്ലിലേക്കുള്ള ആദ്യ ചവിട്ടു പടിയെന്ന നിലയില്‍ ഐപിഎല്‍ പ്ലേ ഓഫിന് മുന്നോടിയായി വനിതാ താരങ്ങള്‍ പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടുകയാണ്.
ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ദാനയും ഹര്മന്പ്രീതുമാണ് ടീമുകളെ നയിക്കുന്നത്. മത്സരത്തിനിടെ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ ഹര്‍മന്‍പ്രീത് കാണികളുടെ കയ്യടി നേടിയിരിക്കുകയാണ്. പുറത്താക്കിയത് എതിര് ടീം നായികയായ സ്മൃതിയെ തന്നെയായിരുന്നു.
സ്മൃതി നയിക്കുന്ന ട്രയല്ബ്ലേസേര്സിന്റെ ഇന്നിംഗ്സ് രണ്ടാം ഓവറില്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയില്‍ എത്തി നില്‍ക്കെയായിരുന്നു സ്മൃതി പുറത്താകുന്നത്. എല്ലിസ് പെരി എറിഞ്ഞ പന്ത് സ്മൃതി ഉയര്‍ത്തി അടിക്കുകയായിരുന്നു. പന്തിന് പിന്നാലെ ഓടിയെത്തിയ ഹര്മന് ചാടിയുയര്‍ന്ന് പിടിയിലൊതുക്കുകയായിരുന്നു.
അതേസമയം, ആദ്യം ബാറ്റ്ചെയ്ത ട്രയല്ബ്ലേസേര്സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എടുത്തിട്ടുണ്ട്. 32 റണ്‍സെടുത്ത സൂസി ബാറ്റ്സ് ആണ് ടോപ് സ്കോറര്‍. ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്രസ് 25 റണ്‍്സ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ 21 റണ്‍സെടുത്തു. അതേസമയം നായിക സ്മൃതി മന്ദാനയ്ക്ക് 14 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൂപ്പര്‍നോവാസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്നിന് 74 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യന്‍ നായിക മിതാലി രാജും ഇംഗ്ലണ്ട് താരം ഡാനിയേല വയറ്റും മികച്ച തുടക്കം നല്‍കിയെങ്കിലും സൂപ്പര്‍ നോവാസിന് പെട്ടെന്ന് അടിതെറ്റുകയായിരുന്ു. മിതാലി 22 റണ്‍സും ഡാനിയേല 24 റണ്‍സുമാണ് എടുത്തത്.