ഡൽഹി ഡെയർഡെവിൾസിന് ഐപിഎല്ലിലെ ഏറ്റവും മോശം സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. 14 മത്സരങ്ങളില്‍ നിന്ന് വെറും 5 വിജയങ്ങള്‍ മാത്രമായിരുന്നു ഇത്തവണ സീസണ്‍ അവസാനിക്കുമ്പോള്‍ ഡല്‍ഹിയുടെ പക്കലുണ്ടായിരുന്നത്. കൂടാതെ സീസണ്‍ പകുതി ആയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗംഭീര്‍ രാജി വെയ്ക്കുകയും ചെയ്തു.

പക്ഷേ അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ച് അടുത്ത വര്‍ഷത്തേക്കുള്ള തിരിച്ച് വരവിന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഡല്‍ഹി മടങ്ങിയത്. ഈ സീസണിലെ ഏറ്റവും ശക്തരായ ചെന്നൈയിയേയും,കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മുംബൈയേയുമാണ് ഡല്‍ഹി അവസാന മത്സരങ്ങളില്‍ തോല്‍പ്പിച്ചത്.

തുടക്കത്തില്‍ മോശം പ്രകടനം കാരണമാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ രാജി വെച്ചത്. എന്നാല്‍ രാജി വെച്ചതിന് ശേഷം നടന്ന മത്സരങ്ങളിലൊന്നും ഗംഭീര്‍ കളിച്ചിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഗംഭീര്‍ കളിക്കാതിരുന്നത് എന്നാണു കോച്ചായ റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നത്.

“ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെച്ചതിന് ശേഷം കളിയ്ക്കേണ്ട എന്നുള്ളത് ഗംഭീറിന്‍റെ തീരുമാനമായിരുന്നു.”,പോണ്ടിങ്ങ് പറഞ്ഞു. അഞ്ച് കളികളില്‍ നിന്ന് വെറും 85 റണ്‍സ് മാത്രംനേടിയ ഗംഭീര്‍ സീസണില്‍ വളരെ മോശം ഫോമിലായിരുന്നു.

എന്നാല്‍ കളിക്കാതിരിക്കുക എന്നത് തന്‍റെ തീരുമാനമല്ലായിരുന്നു എന്ന പ്രസ്താവനയുമായാണ് ഗംഭീര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

“സീസണ്‍ കളിക്കുന്നതില്‍ നിന്ന് ഞാന്‍ ഒരിക്കലും സ്വയം ഒഴിവായതല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ തന്നെ അക്കാര്യം അറിയിച്ചേനെ.എന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്.”, എബിപി ന്യൂസിനോട് സംസാരിക്കവേ ഗംഭീര്‍ പറഞ്ഞു.

“തുടര്‍ച്ചായി മത്സരങ്ങള്‍ തോല്‍ക്കുന്നതിനാലാണ് അതിന്‍റെ എല്ലാവിധ ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്ത് കൊണ്ട് ഞാന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചത്. പക്ഷേ ടീമില്‍ മത്സരിക്കുന്നതിന് ഞാന്‍ യാതൊരു വിധ വിരോധവും രേഖപ്പെടുത്തിയിരുന്നില്ല. അക്കാര്യം റിക്കി പോണ്ടിങ്ങിനും വളരെ നന്നായിട്ട് അറിയാം”, സീസണിന്‍റെ പകുതിക്ക് വെച്ച് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതിനെ കുറിച്ച് താരം പറഞ്ഞു.

ഇപ്പോള്‍ ഏതായാലും വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നാണു 36 കാരനായ താരത്തിന്റെ അഭിപ്രായം. അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ടെന്നും, ഒരു തിരിച്ച് വരവിന് സാധിച്ചാല്‍ തീര്‍ച്ചയായും അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ