ഐപിഎല്ലിന്റെ 11-ാമത് സീസണിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് രാജസ്ഥാൻ റോയൽസിനും സൺറൈസേഴ്സ് ഹൈദരാബാദിനും അവരുടെ മികച്ച താരങ്ങളെ നഷ്ടമായത്. പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ടതോടെ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎല്ലിൽ ഈ വർഷം കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവാദത്തിനുപിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനം ഡേവിഡ് വാർണർ രാജിവച്ചിരുന്നു. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്തും രാജിവച്ചു.

സ്മിത്തിന്റെ രാജിക്കുപിന്നാലെ രാജസ്ഥാൻ റോയൽസ് അവരുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയാണ് സ്മിത്തിനുപകരം രാജസ്ഥാൻ റോയൽസിനെ നയിക്കുക. അതേസമയം, സ്മിത്തിനു പകരം കളിക്കാരനെ കണ്ടെത്താൻ ടീമിന് കഴിഞ്ഞിട്ടില്ല. സ്മിത്തിനു പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടിവെട്ട് ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസനിലാണ് റോയൽസ് കണ്ണു വയ്ക്കുന്നത്.

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ക്ലാസനുമായി ടീം അധികൃതർ ബന്ധപ്പെട്ടുവെന്ന് രാജസ്ഥാൻ റോയൽസിന്റെ സുബിൻ ഭാരുച പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്പിൻ ബോളിങ്ങിനെ നേരിടാൻ പറ്റിയ താരത്തെയാണ് ഞങ്ങൾ നോക്കുന്നത്. ഐപിഎല്ലിൽ സ്പിന്നേഴ്സിന് വലിയൊരു റോളുണ്ടെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിന്റെയും കുൽദീപ് യാദവിന്റെയും ബോളിങ്ങിൽ ക്ലാസൻ തീർത്ത വെടിക്കെട്ട് ബാറ്റിങ്ങാണ് സ്മിത്തിനു പകരക്കാരനായി ടീമിലേക്ക് കൊണ്ടുവരാനുളള ശ്രമത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഹെൻറിച്ച് ക്ലാസൻ

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ 12.5 കോടി രൂപയ്ക്കാണ് സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. അതേസമയം, ക്ലാസന്റെ മൂല്യം 50 ലക്ഷത്തിനു താഴെയായിരുന്നു. സ്മിത്തിനെ പോലൊരു ഇതിഹാസ താരത്തിനു പകരക്കാരനായി ക്ലാസനെ ടീം കൊണ്ടുവരുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ