ഐപിഎല്ലിന്റെ 11-ാം സീസണിൽ കപ്പുയർത്തുന്നത് ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നു വൈകിട്ട് ഏഴിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ചൈന്നെ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. രണ്ടു വർഷത്തെ വിലക്കിനുശേഷം ഐപിഎല്ലിലേക്ക് മടങ്ങിത്തിയ ചെന്നൈയ്ക്ക് മുന്നിലുളള ലക്ഷ്യം കപ്പടിക്കുകയാണ്.

ഐപിഎല്ലിൽ മറ്റേതു ടീമിനെക്കാളും ആരാധക പിന്തുണ ഏറെയുളള ടീമാണ് ചെന്നൈ. ഏപ്രിൽ 10 ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ചെന്നൈയുടെ ആദ്യ മൽസരം കാണാൻ മഞ്ഞപ്പട ഒഴുകിയെത്തിയിരുന്നു. പക്ഷേ ആദ്യ മൽസരത്തിനുശേഷം പിന്നെ മൽസരങ്ങളൊന്നും ചിദംബരം സ്റ്റേഡിയത്തിൽ നടന്നില്ല. തമിഴ്‌നാട്ടിൽ കാവേരി പ്രക്ഷോഭം കത്തിനിൽക്കുന്ന സമയത്തായിരുന്നു കൊൽക്കത്ത നൈറ്റ് റൈസേഴ്സുമായുളള ചെന്നൈയുടെ ആദ്യ മൽസരം നടന്നത്. മൽസരത്തിനിടെ പ്രക്ഷോഭക്കാരിൽ ചിലർ കളിക്കാർക്കുനേരെ ഷൂ വലിച്ചെറിഞ്ഞത് വിവാദമായി. ഇതോടെ മൽസരങ്ങൾ ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽനിന്നും മാറ്റാൻ തീരുമാനമായി.

നാലു സ്റ്റേഡിയങ്ങളാണ് ധോണി ബിസിസിഐയ്ക്ക് മുന്നിൽവച്ചത്. വിശാഖപട്ടണം, തിരുവനന്തപുരം, പുണെ, രാജ്‌കോട്ട് എന്നിവയായിരുന്നു. അവയിൽനിന്നും ചെന്നൈ നായകൻ ധോണി തിരഞ്ഞെടുത്തത് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ആയിരുന്നു. ആദ്യ മൽസരം ഒഴികെ ചെന്നെയുടെ ആറു ഹോം മൽസരങ്ങളും നടന്നത് ഇവിടെ വച്ചായിരുന്നു. ആറു മൽസരങ്ങളിൽ അഞ്ചെണ്ണവും വിജയിച്ചാണ് ചൈന്നെ ഫൈനലിൽ എത്തിയത്.

മഹേന്ദ്ര സിങ് ധോണിയുടെ നായകത്വത്തിലുളള ചെന്നൈ ടീം മൽസരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ചവച്ചാണ് ഫൈനലിലെത്തിയത്. ടീമിനെ ഫൈനൽവരെ എത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ ടീം അംഗങ്ങൾ നൽകുന്നത് ധോണിക്കാണ്. എങ്കിലും ചെന്നൈ നായകൻ ദുഃഖിതനാണ്. അതിന്റെ കാരണമെന്തെന്ന് ധോണി വെളിപ്പെടുത്തിയിരിക്കുകയാണ്.

”മൽസരം ആരംഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷഷവാനായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് ഒരു കാര്യത്തിൽ ദുഃഖമുണ്ട്. ഹോം മൽസരങ്ങൾ ചെന്നൈയിൽ കളിക്കാനാകാത്തതിൽ ഞാൻ ദുഃഖിതനാണ്. അതിനിടയിലും ഒരു മൽസരം എങ്കിലും ചെന്നൈയിൽ കളിക്കാൻ സാധിച്ചതിൽ സന്തോഷവുണ്ട്” ധോണി പറഞ്ഞു.

ധോണിയുടെ ഈ ദുഃഖം ഇന്നു ഫൈനൽ മൽസരം നടക്കുന്ന മുംബൈ സ്റ്റേഡിയത്തെ മഞ്ഞക്കടലിൽ മുക്കി ചെന്നൈ ആരാധകർ മാറ്റുമെന്ന് തന്നെ കരുതാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ