രണ്ടു വർഷത്തെ വിലക്കിനുശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പർ കിങ്സ് മികച്ച പോരാട്ടത്തിലൂടെ ഫൈനലിൽ എത്തിയിരിക്കുന്നു. ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം.

രണ്ടാം ക്വാളിഫെയറിൽ സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈസേഴ്സും തമ്മിലാണ് മൽസരം. രാത്രി ഏഴിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മൽസരം. ഇതിൽ ജയിക്കുന്നവർ മെയ് 27 ന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിൽ ചെന്നൈയെ നേരിടും.

രണ്ടാം ക്വാളിഫെയർ മൽസരം കാണാനായി കൊൽക്കത്തയുടെയും സൺറൈസേഴ്സിന്റെയും ആരാധകർ കാത്തിരിക്കുന്നുണ്ട്. ഫൈനലിൽ ഏതു ടീം എത്തുമെന്ന് അറിയാൻ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഇതിനിടെ ഹോട്സ്റ്റാറിന്റെ ലീക്കായ വീഡിയോ ക്വാളിഫെയർ മൽസരത്തിനു മുൻപേ ജയം ആർക്കെന്ന് വിധിയെഴുതി കഴിഞ്ഞു. ഫൈനലിൽ കൊൽക്കത്ത ആയിരിക്കും ചെന്നൈയുടെ എതിരാളികൾ എന്നാണ് വീഡിയോയിൽനിന്നും മനസിലാകുന്നത്.

വീഡിയോ പുറത്തായതോടെ ട്വിറ്ററിൽ നിറയെ കമന്റുകളാണ്. ഐപിഎൽ ഫൈനൽ മുൻകൂട്ടി ഉറപ്പിച്ചതാണെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. കൊൽക്കത്തയ്ക്കും ചെന്നൈയ്ക്കും ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉളളത്. അതിനാൽ തന്നെ ഫൈനൽ നേരത്തെ ഉറപ്പിച്ചതാണെന്നും ചാനൽ റേറ്റ് കൂട്ടാനുളള തന്ത്രങ്ങളാണ് ഇതെന്നുമാണ് ഒരു കമന്റ്.

ഐപിഎല്ലിൽ കൊൽക്കത്തയും ചെന്നൈയും രണ്ടു തവണ കപ്പ് നേടിയിട്ടുണ്ട്. ഇത്തവണ ഇവരിൽ രണ്ടുപേരിൽ ആരു കപ്പ് ഉയർത്തിയാലും മുംബൈ ഇന്ത്യൻസിനൊപ്പമെത്തും. ഐപിഎല്ലിൽ മൂന്നു തവണ കിരീടം നേടിയ ഒരേയൊരു ടീമാണ് മുംബൈ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ