മൽസരശേഷം പരസ്‌പരം ജഴ്സി കൈ മാറുന്നത് ഫുട്ബോളില്‍ സാധാരണയായി നടക്കുന്ന ഒരു ചടങ്ങാണ്. എന്നാല്‍ ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും അങ്ങനെ ചെയ്യുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലെന്നു കാണിച്ച് തരികയാണ്‌ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഐപിഎല്ലിലെ മുംബൈ-പഞ്ചാബ് മൽസരത്തിനു ശേഷമായിരുന്നു ഇത്. മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യയും പഞ്ചാബിന്‍റെ കെ.എല്‍.രാഹുലുമായിരുന്നു കളിയ്ക്ക് ശേഷം പരസ്‌പരം ജഴ്സി കൈമാറിയത്.

2018 ഫിഫ വേള്‍ഡ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് വാങ്കഡെ സ്റ്റേഡിയം ഈ അപൂര്‍വ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചത്. കരഘോഷത്തോടെയാണ് ഇരുവരുടേയും പ്രവൃത്തിയെ ആരാധകര്‍ വരവേറ്റത്. സോഷ്യൽ മീഡിയയിലും ഇരുവരേയും പുകഴ്ത്തി പോസ്റ്റുകള്‍ നിറഞ്ഞു. മെയ്‌ 17 നു ഐപിഎല്‍ അവസാനിക്കാനിരിക്കെ ആരായിരിക്കും ഈ വര്‍ഷത്തെ ജേതാക്കള്‍ എന്നറിയാന്‍ കളിക്കാരും ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

പ്ലേ ഓഫില്‍ കടന്നു കയറാന്‍ ടീമുകള്‍ പരസ്‌പരം മൽസരിക്കുമ്പോള്‍ ഓരോ കളിയിലും ആവേശം കൂടി വരികയാണ്. ബുധനാഴ്‌ച നടന്ന നിണായക മൽസരത്തില്‍ പഞ്ചാബിനെ മുംബൈ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചിരുന്നു. പഞ്ചാബിന് വേണ്ടി കെ.എല്‍.രാഹുല്‍ 94 റണ്‍സ് നേടിയെങ്കിലും അവസാന ഓവറിലെ സസ്‌പെന്‍സിന് ഒടുവില്‍ വിജയം മുംബൈയുടെ പക്കല്‍ എത്തിച്ചേരുകയായിരുന്നു. ഇതിനു ശേഷമായിരുന്നു താരങ്ങള്‍ പരസ്‌പരം ജഴ്‌സി കൈമാറിയത്.

വളരെ അടുത്ത സൗഹൃദം പങ്ക് വയ്ക്കുന്നവരാണ് ഹാര്‍ദിക്കും രാഹുലും. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോഴും രണ്ട് പേരെയും മിക്കവാറും ഒരുമിച്ചാണ് കാണാറുള്ളത്. പക്ഷേ ഐപിഎല്ലില്‍ രണ്ട് ടീമുകളില്‍ ആയി പോയി. പക്ഷേ ഫുട്ബോള്‍ മൈതാനത്തിലെ രീതികള്‍ ക്രിക്കറ്റ് കളത്തിലേക്ക്‌ കൊണ്ട് വന്നുകൊണ്ട്‌ തങ്ങളുടെ സൗഹൃദത്തിന്‍റെ ആഴം ആരാധകര്‍ക്ക് വീണ്ടും കാണിച്ച് കൊടുക്കുകയാണ് ഇരു താരങ്ങളും. താരങ്ങളുടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്‌തതോടെ ആരാധകരും വളരെ സന്തോഷത്തിലാണ്. ട്വിറ്ററില്‍ കൂടി നിരവധി പോസ്റ്റുകളാണ് ആരാധകര്‍ പങ്കുവച്ചത്.

ജസ്പ്രീത് ബുമ്രയുടെയും കിരോണ്‍ പൊള്ളാർഡിന്റെയും കരുത്തിലാണ് മുംബൈ മൂന്ന് റണ്‍സിന്‍റെ കഷ്ടി വിജയം നേടിയെടുത്തത്. 13 കളികളില്‍ നിന്ന് ഏഴു വിജയവുമായി നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും പ്ലേ ഓഫില്‍ കയറാന്‍ അടുത്ത മൽസരങ്ങള്‍ വളരെ നിർണായകമാണ്. അടുത്ത കളിയില്‍ കൂടി ജയിച്ചാല്‍ ഫൈനലില്‍ കയറാനുള്ള സാധ്യത മുംബൈയ്ക്ക് ബാക്കി നില്‍ക്കുമ്പോള്‍ പക്ഷേ പഞ്ചാബിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ