മഹേന്ദ്രസിംഗ് ധോണിയെ പോലെ കൂള്‍ ആയിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനേയും ആരാധകര്‍ കാണുന്നത്. ടീമിനെ പ്ലേഓഫില്‍ എത്തിച്ച കാര്‍ത്തിക്കിന് എന്നാല്‍ രണ്ടാം ക്വാളിഫൈയര്‍ മത്സരത്തില്‍ തന്റെ നിയന്ത്രണം വിട്ടു. വെളളിയാഴ്ച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് സംഭവം.

വിലപ്പെട്ട രണ്ട് ബാറ്റ്സ്മാന്മാരായ കൈന്‍ വില്യംസിനേയും ശിഖര്‍ ധവാനേയും കൂടാരം കയറ്റി ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കിയ കുല്‍ദീപ് യാദവ് ടീമിന് പ്രതീക്ഷ നല്‍കുകയായിരുന്നു. എതിര്‍ ടീമിനെ ഒരൊറ്റ റണ്‍സും എടുക്കാന്‍ വിടാതെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു കൊല്‍ക്കത്തയുടെ തന്ത്രം. അനാവശ്യമായ റണ്‍സ് വിട്ടു നല്‍കാതിരിക്കാന്‍ ടീം ശ്രമം നടത്തുന്നതിനിടെയാണ് പ്രസിദ് കൃഷ്ണയ്ക്ക് പിഴച്ചത്. 9ാം ഓവറിലെ അവസാന ബോളിലായിരുന്നു സംഭവം. ഷാക്കിബ് അല്‍ ഹസന്‍ പന്ത് ക്രീസിന് അടുത്തു തന്നെ അടിച്ചിട്ട് ഓടാന്‍ ശ്രമിച്ചു. ഓടിവന്ന കൃഷ്ണ ഒന്നും നോക്കാതെ പന്ത് സ്റ്റംമ്പ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ബാറ്റ്സ്മാന്‍ ക്രീസില്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണയുടെ അനാവശ്യ ഏറ്.

ഉടന്‍ തന്നെ കാര്‍ത്തിക്ക് പരുഷമായി തന്നെ പ്രതികരിക്കുകയും ചെയ്തു. കൃഷ്ണയെ ചീത്ത വിളിച്ചാണ് കാര്‍ത്തിക് തന്റെ ദേഷ്യം തീര്‍ത്തത്. എന്തായാലും കാര്‍ത്തിക്കിന്റെ വാക്കുകള്‍ സ്റ്റംമ്പിലെ മൈക്കില്‍ വ്യക്തമായി പിടിച്ചെടുക്കുകയും ചെയ്തു. മത്സരത്തില്‍ ഹൈദരാബാദിനൊപ്പമായിരുന്നു വിജയം. ബാറ്റിങില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണെ ആശ്രയിച്ചാണ് ഹൈദരാബാദിന്റെ പ്രയാണം. ശിഖര്‍ ധവാനും മനീഷ് പാണ്ഡേയും യൂസഫ് പാത്താനുമെല്ലാം ടീമിലുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതെ പോകുന്നു. നിലവില്‍ റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനത്താണ് വില്യംസണ്‍. എട്ട് അര്‍ധസെഞ്ചുറിയടക്കം 588 റണ്‍സ്. ഓറഞ്ച് തൊപ്പിയുടെ അവകാശം വില്യംസണ്‍ ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാംസ്ഥാനത്തുള്ള ചെന്നൈയുടെ അമ്പാട്ടി റായുഡുവിന് ഇന്ന് സെഞ്ചുറിയിലധികം നേടിയാല്‍ മാത്രമേ വില്യംസണെ പിന്നിലാക്കാന്‍ കഴിയൂ.

മികച്ച ബൗളിങിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് മത്സരങ്ങള്‍ ജയിച്ചത്. രണ്ടാം ക്വാളിഫൈയറില്‍ അഫ്ഗാന്‍ ടീനേജ് താരം റാഷിദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് അവര്‍ക്ക് വിജയം നേടിക്കൊടുത്തത്. ഏറെ വിലപ്പെട്ട 34 റണ്‍സ് അതിവേഗം നേടിയ റാഷിദ് ഖാന്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരും മികച്ച ബൗളിങ് പ്രകടനമാണ് നടത്തുന്നത്. കാര്‍ലോസ് ബ്രാത്വെയ്റ്റിന്റെ ഓള്‍റൗണ്ട് മികവും ടീമിന് തുണയാകും.

രണ്ടുതവണ കിരീടം നേടിയ ചെന്നൈ തിരിച്ചുവരവില്‍ കിരീടം സ്വന്തമാക്കാന്‍ കച്ചകെട്ടുമ്പോള്‍ 2016 ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
വാങ്കഡെ സ്‌റ്റേഡിയത്തിലെ ആദ്യ ഐപിഎല്‍ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചതിന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഫൈനലില്‍ കണ്ടുമുട്ടുകയാണ്. ഈ അഞ്ച് ദിവസങ്ങളില്‍ ചെന്നൈ താരങ്ങള്‍ മുംബൈയില്‍ തന്നെ ചെലവിട്ടപ്പോള്‍ സണ്‍റൈസേഴ്‌സിന് കൊല്‍ക്കത്തയിലെത്തി, രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടതായി വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook