ന്യൂഡൽഹി: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടമായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഇന്നലെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കളിക്കേണ്ടി വന്നത്. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് നായകന്‍ വിരാട് കോഹ്‌ലിയുടേയും എ.ബി.ഡിവില്ലിയേഴ്സിന്റേയും 118 റണ്‍സ് കൂട്ടുകെട്ട് വിജയം സമ്മാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റിന്റെ വിജയം നേടിയതോടെ പുറത്താക്കല്‍ പേടിയില്‍ നിന്നും ടീമിന് ആശ്വാസവും ലഭിച്ചു.

തകർപ്പൻ ഫോം തുടരുന്ന റിഷഭ് പന്തിന്റെ ബാറ്റിങ് മികവിൽ ഡൽഹി ഡെയർ ഡെവിൾസ് മികച്ച സ്കോർ നേടിയിട്ടും ബാഗ്ളൂരിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഡൽഹി ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒരു ഓവർ ബാക്കിയിരിക്കെയാണ് ബാംഗ്ലൂർ മറികടന്നത്. വിജയത്തിന്റെ ക്രെഡിറ്റ് തന്റെ ബാറ്റിങ് പങ്കാളിയായ ഡിവില്ലിയേഴ്സിനാണ് കോഹ്‌ലി നല്‍കിയത്. ‘ഇയാള്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നത് എന്നും ഇഷ്ടപ്പെടുന്നു’ എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം കോഹ്‌ലി കുറിച്ചു.

‘ഇയാള്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ എന്നും ആസ്വദിക്കുന്നു. മറ്റേ അറ്റത്ത് നില്‍ക്കുന്ന ബാറ്റ്സ്മാന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു ഇയാള്‍. മറ്റൊരു പ്രത്യേകത നിറഞ്ഞ പാര്‍ട്ണര്‍ഷിപ്പായിരുന്നു ഇന്നത്തേത്’, കോഹ്‌ലി വ്യക്തമാക്കി. ഡിവില്ലിയേഴ്സിനൊപ്പം ബാറ്റ് ചെയ്യുന്നതില്‍ ഏറെ സന്തോഷിക്കുന്നതായി മൽസരശേഷം കോഹ്‌ലി പറഞ്ഞു. ‘എ.ബിക്കൊപ്പം ബാറ്റ് ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കുറച്ച് നേരത്തേ മൽസരം ജയിച്ച് റണ്‍റേറ്റ് കൂട്ടാനാണ് നോക്കുന്നത്. എന്തായാലും രണ്ട് പോയിന്റ് എന്നത് വളരെ വലിയ കാര്യമാണ്’, കോഹ്‌ലി പറഞ്ഞു.

മൽസരത്തില്‍ 40 പന്തില്‍ 70 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. 3 സിക്സുകളും 7 ഫോറുകളുമാണ് അദ്ദേഹം അടിച്ചത്. എന്നാല്‍ അമിത് മിശ്രയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി ടീമിന് ആശങ്ക നല്‍കി അദ്ദേഹം മടങ്ങി. എങ്കിലും ഡിവില്ലിയേഴ്സ് ടീമിനെ തോല്‍ക്കാന്‍ വിട്ടില്ല. 37 പന്തില്‍ 72 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചു.

ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്. ഓപ്പണർമാരായ പ്രിഥ്വി ഷായെയും (2), ജാസൻ റോയിയെയും (12) പെട്ടെന്ന് നഷ്ടമായ ഡൽഹിക്ക് 34 പന്തിൽ നിന്ന് 5 ഫോറും 4 സിക്സും ഉൾപ്പെടെ 61 റൺസ് അടിച്ചു കൂട്ടിയ പന്ത് ഒരിക്കൽക്കൂടി മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 19 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താകാതെ 46 റൺസെടുത്ത അഭിഷേക് ശർമ്മയും നായകൻ ശ്രേയസ് അയ്യരുമാണ് (32) പന്തിനെക്കൂടാതെ ഡൽഹി ബാറ്റിങ് നിരയിൽ തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹൽ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ