പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും ഐപിഎൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് ഡൽഹി ഡെയർഡെവിൾസ്. ചെന്നൈയെ 34 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നെയ്ക്ക് 128 റൺസ് നേടാനായേ ആയുളളൂ.

വിജയ് ശങ്കറിന്റെയും (36*) ഹർഷൽ പട്ടേലിന്റെയും (36*) ബാറ്റിങ് മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്. ആറാം വിക്കറ്റിൽ ഹർഷൽ പട്ടേലും ശങ്കറും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിൽ ഡൽഹി സ്കോർനില ഉയർത്തി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത് 65 റൺസ്. 38 റൺസെടുത്ത് ഋഷഭ് പന്തും ഡൽഹിക്കുവേണ്ടി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് പ്രതീക്ഷിച്ചതുപോലെ വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡുവാണ് (50) ചെന്നൈയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 27 റൺസെടുത്ത് പുറത്താകാതെ നിന്നു.

മൽസരത്തിൽ ടോസ് ഇടുന്ന സമയത്ത് രസകരമായൊരു സംഭവവും ഉണ്ടായി. ഡൽഹിയുടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കായിരുന്നു ടോസിടാൻ അവസരം ലഭിച്ചത്. പക്ഷേ ടോസ് വളരെ ദൂരെയായാണ് വീണത്. ഇതുകണ്ട ചെന്നൈ ക്യാപ്റ്റൻ ധോണി പൊട്ടിച്ചിരിച്ചു. കൈ വായിൽ പൊത്തിപ്പിടിച്ചാണ് ധോണി ചിരിയടക്കിയത്. ടോസ് ചെന്നൈയ്ക്ക് അനുകൂലമായിരുന്നു. ടോസ് നേടിയ ധോണി ബാറ്റിങ്ങിനു പകരം ബോളിങ്ങാണ് തിരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ