IPL 2018, CSK vs SRH: പുണെ: സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിരയെ കാഴ്ചക്കാരാക്കി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം. ഹൈദരാബാദ് കുറിച്ച 180 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 19-ാം ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.

സെഞ്ചുറി നേടിയ അമ്പാട്ടി റായിഡുവിന്റെയും അർധ സെഞ്ചുറി നേടിയ ഷെയ്ൻ വാട്സണിന്റെയും കരുത്തിലാണ് ചെന്നൈ വിജയം നേടിയത്. റായിഡു 62 പന്തിൽ 100 റൺസ് നേടി. വാട്‌സൺ 35 പന്തിൽ 51 റൺസ് നേടി പുറത്തായി.

ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിരയെ നോക്കുകുത്തിയാക്കിയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണർമാർ ബാറ്റ് വീശിയത്. ഒന്നാം വിക്കറ്റിൽ വാട്‌സണും റായിഡുവും ചേർന്ന് 134 റൺസ് കൂട്ടിച്ചേർത്തു. വാട്‌സൺ പുറത്തായതിന് പിന്നാലെ റെയ്‌നയും രണ്ട് റൺസിന് പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഒപ്പം ചേർന്ന് റായിഡു വിജയം പൂർത്തിയാക്കുകയായിരുന്നു. ധോണി 14 പന്തിൽ 20 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണർ ശിഖർ ധവാന്റെയും നായകൻ കെയ്ൻ വില്യംസണിന്റെയും നേതൃത്വത്തിലാണ് മികച്ച സ്കോർ നേടിയത്. ധവാൻ 10 ഫോറും മൂന്ന് സിക്‌സുമടക്കം 79 റൺസ് നേടിയപ്പോൾ വില്യംസൺ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 51 റൺസ് നേടി.

ഇതോടെ ഹൈദരാബാദും ചെന്നൈയും നേർക്കുനേർ ഏറ്റുമുട്ടിയ എട്ട് മൽസരങ്ങളിൽ ചെന്നൈയുടെ വിജയം ആറെണ്ണമായി ഉയർന്നു. ഇതുവരെ രണ്ട് വട്ടം മാത്രമേ ഹൈദരാബാദിന് വിജയം സ്വന്തമാക്കാൻ സാധിച്ചുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ