ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അനായാസേനയാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. ബാംഗ്ലൂരിനെ 6 വിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷടത്തിൽ 127 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

36 റൺസെടുത്തു പുറത്താകാതെനിന്ന സൗത്തിയുടെ ഇന്നിങ്സാണ് ബാംഗ്ലൂർ സ്കോർ 100 കടത്തിയത്. പാർഥിവ് പട്ടേലിന്റെ അർധസെഞ്ചുറിയും (53) പാഴായി. ബാംഗ്ലൂർ നിരയിൽ മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടന്നില്ല. ക്യാപ്റ്റൻ വിരാട് കോഹ്‌ലി എട്ടു റൺസെടുത്ത് മടങ്ങി.

ബാംഗ്ലൂരിന്റെ ഇന്നിങ്സ് അവസാനിക്കാൻ ഒരു ഓവർ ബാക്കിനിൽക്കെ രസകരമായൊരു സംഭവത്തിനും കാണികൾ സാക്ഷിയായി. സൗത്തിയും മുഹമ്മദ് സിറാജും ആയിരുന്നു ക്രീസിൽ. ഡ്വെയ്ൻ ബ്രാവോയുടെ ഫുൾ ലെങ്ത് ഡെലിവറി സൗത്തി ഉയർത്തി അടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബോൾ ലെഗ് ഫീൽഡറായ ലുങ്കിസാനി എൻഗിഡിയുടെ കൈയ്യിൽ കിട്ടി.

അപ്പോഴേക്കും സിറാജ് പകുതിയോളം ഓടിയെത്തിയിരുന്നു. ഇതുകണ്ട സൗത്തി തിരിച്ചോടാൻ ആവശ്യപ്പെട്ടു. എന്നാൽ സിറാജ് തെന്നിവീണു. അപ്പോഴേക്കും എൻഗിഡി ബോൾ ബ്രാവോയ്ക്ക് നേരെ എറിഞ്ഞിരുന്നു. എന്നാൽ എൻഗിഡിയുടെ ത്രോ കണ്ട് ബ്രാവോ അന്തംവിട്ടുപോയി. ഈ സമയം കൊണ്ട് സിറാജ് ഒരുവിധത്തിൽ എഴുന്നേറ്റ് ഓടിയെത്തി.

ഓടി ക്ഷീണിച്ച സിറാജ് മൈതാനത്ത് കിടന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തി അദ്ദേഹത്തെ പരിശോധിച്ചു. വളരെ അനായാസം റൺഔട്ടാകുമായിരുന്ന സിറാജിനെ എൻഗിഡിയുടെ ആ ത്രോയാണ് രക്ഷിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ