കരിയറില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒന്നാണ് ധോണിയുടെ വളരെ ശാന്തമായ പ്രകൃതം. പലപ്പോഴും കളിക്കളത്തിലെ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ കൊണ്ട് ധോണി അമ്പരപ്പിച്ചു. മാധ്യമങ്ങളുടെ ക്രിക്കറ്റ് വൃത്തങ്ങളും വിശേഷിപ്പിക്കുന്ന പോലെ അങ്ങനെ ക്യാപ്റ്റന്‍ കൂള്‍ ഒന്നുമല്ല എം.എസ്.ധോണിയെന്ന് സുരേഷ് റെയ്‌ന നേരത്തെ വ്യക്തമാക്കിയിരുന്നു. ധോണിക്ക് നല്ല ദേഷ്യം വരാറുണ്ടെന്നും പക്ഷെ അത് ചാനല്‍ ക്യാമറകള്‍ ഇല്ലാത്തപ്പോള്‍ മാത്രമാണെന്നും റെയ്‌ന അന്ന് പറഞ്ഞു. എന്നാല്‍ ദേഷ്യം വന്ന ധോണിയുടെ പ്രതികരണം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരായ മൽസരത്തില്‍ ഡ്വൈന്‍ ബ്രാവോയോട് ആണ് അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചത്. നിര്‍ണായകമായ 19-ാം ഓവറിലായിരുന്നു സംഭവം. ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കാന്‍ വിജയ് ശങ്കര്‍ കത്തിക്കയറുമ്പോഴാണ് ബ്രാവോ പന്തെറിയാന്‍ വന്നത്. ഏറ്റവും കുറഞ്ഞ റണ്‍സ് നല്‍കേണ്ട ഓവറിലാണ് ശങ്കർ ബ്രാവോയെ കെട്ടുകെട്ടിച്ചത്. ക്രീസില്‍ നിലയുറപ്പിച്ച ശങ്കര്‍ അഞ്ചാം പന്തില്‍ ബ്രാവോയെ സിക്സ് അടിച്ചു. അടുത്ത പന്ത് വേഗം കുറച്ചെറിഞ്ഞ് ശങ്കറിനെ ആശയക്കുഴപ്പത്തിലാക്കാം എന്നായിരുന്നു ബ്രാവോ കരുതിയത്. എന്നാല്‍ മുട്ടുകുത്തിയിരുന്ന് ആ പന്തിനേയും നേരിട്ട് ബ്രാവോയുടെ മോഹം ശങ്കര്‍ അതിര്‍ത്തി കടത്തി. നിരാശയും ദേഷ്യവും കലര്‍ന്നായിരുന്നു ധോണി ഇതിനോട് പ്രതികരിച്ചത്.

എങ്കിലും ഡല്‍ഹിയെ 13 റണ്‍സകലെ വീഴ്ത്താന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. 78 റണ്‍സ് നേടിയ ഷെയിന്‍ വാട്സണും 51 റണ്‍സ് നേടിയ നായകന്‍ ധോണിയുമാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരുടെയും കരുത്തില്‍ ചെന്നൈ 211 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡുവിന്റെ (41) ഇന്നിങ്സും ചെന്നൈക്ക് തുണയായി. ധോണി 22 പന്തില്‍ നിന്ന് അഞ്ച് സിക്സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെയാണ് 51 റണ്‍സ് നേടിയത്.

ഓ​പ്പ​ണർ​മാ​രായ വാ​ട്സ​ണും ഫാ​ഫ് ഡു​പ്ലെ​സി​സും (33) ചേർ​ന്ന് സ്ഫോ​ട​നാ​ത്മ​ക​മായ തു​ട​ക്ക​മാ​ണ് ചെ​ന്നൈ​യ്ക്ക് നൽ​കി​യ​ത്. ഇ​രു​വ​രും 10.5 ഓ​വ​റിൽ 102 റൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഡു​പ്ലെ​സി​സി​നെ ബോൾ​ട്ടി​ന്റെ കൈ​യിൽ​എ​ത്തി​ച്ച് വി​ജ​യ് ശ​ങ്ക​റാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. തു​ടർ​ന്നെ​ത്തിയ റെ​യ്ന (1) പെട്ടെന്ന് മ​ട​ങ്ങി​യെ​ങ്കി​ലും പ​ക​ര​മെ​ത്തിയ റാ​യിഡു​വും വാ​ട്സൺ പു​റ​ത്തായ ശേ​ഷ​മെ​ത്തിയ ധോ​ണി​യും ഫോം തു​ടർ​ന്ന​തോ​ടെ ചെ​ന്നൈ 200 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പോരാട്ടം അഞ്ചിന് 198ല്‍ അവസാനിച്ചു. റിഷഭ് പന്ത് (79) പൊരുതി. അവസാനത്തില്‍ വിജയ് ശങ്കര്‍ ആഞ്ഞുപിടിച്ചെങ്കിലും (31 പന്തില്‍ 54) 13 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു. ചെന്നൈക്കായി മലയാളി താരം കെ.എം.ആസിഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook