ഐപിഎല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. നിർണായക പോരാട്ടത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനമാണ് കൊല്‍ക്കത്ത പുറത്തെടുക്കുന്നത്.

ഓപ്പണര്‍ ശിഖര്‍ ധവാനേയും നായകന്‍ കെയ്ന്‍ വില്യംസണിനേയും കൊല്‍ക്കത്തയ്ക്ക് നേരത്തെ തന്നെ നഷ്ടമായിരിക്കുകയാണ്. ഇന്ത്യയുടെ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവാണ് സണ്‍റൈസേഴ്‌സിന് നേരത്തെ തന്നെ തിരിച്ചടി നല്‍കിയത്. ഒരോവറില്‍ തന്നെ രണ്ട് പേരെ പുറത്താക്കിയാണ് കുല്‍ദീപ് സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചത്.

പന്തെറിയുന്നതിനിടെ വീണു പോയതിന് ശേഷം വീണ്ടും ശക്തിയായി തിരിച്ചു വന്നാണ് കുല്‍ദീപ് സണ്‍റൈസേഴ്‌സിന് വെല്ലുവിളിയായത്. ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് കുല്‍ദീപ് ആദ്യം പുറത്താക്കിയത്. സണ്‍റൈസേഴ്‌സ് ഇന്നിങ്സ് വിക്കറ്റൊന്നും നഷ്ടമാകാതെ 56 റണ്‍സിലെത്തി നില്‍ക്കെയായിരുന്നു ധവാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നത്.

പന്തെറിഞ്ഞതിന് പിന്നാലെ കാല്‍തെറ്റി കുല്‍ദീപ് നിലത്ത് വീഴുകയായിരുന്നു. വിക്കറ്റ് നേട്ടം ആഘോഷിക്കാനായി സഹതാരങ്ങള്‍ ഓടിയെത്തുമ്പോഴേക്കും കുല്‍ദീപ് എഴുന്നേറ്റെങ്കിലും താരത്തിന്റെ നടത്തില്‍ തന്നെ വേദന തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.

തൊട്ട് പിന്നാലെ നായകന്‍ വില്യംസണിനെ അതിമനോഹരമായൊരു ഗൂഗിളിയില്‍ പുറത്താക്കി കൊണ്ട് കുല്‍ദീപ് വേദന മറക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ