ഓസ്ട്രേലിയയുടെ വമ്പനടിക്കാരന്‍ ക്രിസ് ലിന്നിന് വീണ്ടും പരുക്കേറ്റു. ന്യൂസിലൻഡിനെതിരായ മൽസരത്തിനിടെ അദ്ദേഹത്തിന്റെ തോളെല്ലിന്റെ സ്ഥാനം തെറ്റിപ്പോവുകയായിരുന്നു. പരുക്കേറ്റ് അദ്ദേഹം പുറത്തേക്ക് പോകുന്നത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി ആണെങ്കിലും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇത് ദുഃസ്വപ്നമായി.
കൊല്‍ക്കത്തയുടെ മികച്ച ബാറ്റ്സ്മാനായും ടീമിനെ നയിക്കാനുളള താരമായും കണക്കാക്കപ്പെട്ടിരുന്ന ലിന്നിന്റെ പരുക്ക് ടീമിന് ഭീഷണിയായി മാറി. 9.6 കോടി രൂപ ലേലത്തുകയിലാണ് ടീം ലിന്നിനെ നേടിയത്. ന്യൂസിലൻഡിനെതിരായ ട്വന്റി 20 മൽസരത്തില്‍ ക്യാച്ചിനായി ചാടിയപ്പോഴാണ് അദ്ദേഹത്തിന് പരുക്കേറ്റത്. സാധാരണ പരുക്കല്ലെന്നും കരിയറിന് ഭീഷണിയാണ് പരുക്കെന്നുമാണ് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടത് തോളിന് മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ഈയടുത്താണ് തിരികെ എത്തിയത്. അന്ന് മുതല്‍ ഡൈവ് ചെയ്യാന്‍ അദ്ദേഹം ഏറെ ഉത്സാഹം കാണിച്ചിരുന്നില്ല. എന്നാല്‍ ന്യൂസിലൻഡിനെതിരായ 9-ാം ഓവറില്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലിന് ഓടുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഇടത് തോള് അനക്കാതെ അദ്ദേഹം ചാടിയത് വലത് തോളിന് കൂടുതല്‍ സമ്മര്‍ദ്ദം ലഭിക്കാന്‍ കാരണമായി. ശക്തിയായി മൈതാനത്ത് വീണ അദ്ദേഹത്തിന്റെ തോളെല്ല് തെറ്റിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ പിടിച്ച് യഥാസ്ഥാനത്ത് ഇട്ടുവെങ്കിലും ഇടത് കൈയ്യെക്കാള് കൂടുതല്‍ പരുക്ക് പറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ കരിനിഴലിലായി. യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന് ട്വന്റി 20 ലീഗിലേക്ക് അടുത്തയാഴ്ച അദ്ദേഹത്തിന് ചേരേണ്ടതുണ്ട്. എന്നാല്‍ ഇതും പരുക്കിനെ തുടര്‍ന്ന് മുടങ്ങും. ഐപിഎല്ലില്‍ ആഭ്യന്തര ക്രിക്കറ്റിലേത് പോലെ പരുക്കേറ്റ താരത്തിന് ഉറപ്പ് പറഞ്ഞ പ്രതിഫലം നല്കുകയില്ല. കൊല്‍ക്കത്ത ടീമിനൊപ്പം ചേര്‍ന്ന് മൽസരം കളിക്കാതിരുന്നാല്‍ പകുതി പ്രതിഫലം ലഭിക്കുമെങ്കിലും പരമ്പര തുടങ്ങും മുമ്പ് പരുക്കേറ്റ് പുറത്തായാല്‍ പ്രതിഫലമൊന്നും തന്നെ ലഭിക്കില്ല. ഡൈവ് ചെയ്യാന്‍ താങ്കള്‍ക്ക് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചിന്തിക്കാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ലിന്നിന്റെ മറുപടി.