കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന നിമിഷ തീരുമാനം ശരിയായിരുന്നു എന്നുറപ്പിക്കുകയാണ് ക്രിസ് ഗെയില്‍. സീസണിലെ ഏറ്റവും ആദ്യത്തെ സെഞ്ചുറിയും മൂന്നു അര്‍ദ്ധ സെഞ്ചുറിയുമടക്കം ഇതിനോടകംത്തന്നെ ഐപിഎല്ലില്‍ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു ഈ കരീബിയന്‍ താരം. ആറു കളികളില്‍ നിന്നും 310 റണ്‍സോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ ഗെയില്‍ ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

ബാറ്റിങ്ങിലെന്ന പോലെ ഫീല്‍ഡിങ്ങിലും അത്ഭുതം സൃഷ്ടിക്കുകയാണ് ഗെയില്‍. കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന കളിയിലാണ് രഹാനെയെ പുറത്താക്കാന്‍ ഗെയില്‍ തന്റെ അവിസ്മരണീയ പ്രകടനം പുറത്തെടുത്തത്. രാജസ്ഥാന്റെ ഇന്നിങ്സിലെ നാലാമത്തെ ഓവറിലാണ് സംഭവം.

അക്‌സര്‍ പട്ടേലിന്റെ പന്തില്‍ രഹാനെയുടെ ബാറ്റിന്റെ ഔട്ട്സൈഡ് എഡ്ജില്‍ തട്ടി പൊന്തിയ പന്ത് ഗെയില്‍ കൈപിടിയില്‍ ഒതുക്കുകയായിരുന്നു. ഫുള്‍ ലെങ്തില്‍ ഡൈവ് ചെയ്ത് നിലത്ത് സ്‌പര്‍ശിക്കുന്നതിനു മില്ലി മീറ്ററുകള്‍ മാത്രം ശേഷിക്കെയായിരുന്നു ഗെയില്‍ പന്ത് കൈപ്പിടിയിലൊതുക്കിയത്. ഗെയിലിന്റെ ഫീല്‍ഡിങ് കരിയറിലെ ഏറ്റവും മികച്ച ക്യാച്ച് എന്ന് നിസംശയം പറയാവുന്ന പ്രകടനമായിരുന്നു അത്.

ഫീല്‍ഡ് അമ്പയറുമാര്‍ തീരുമാനം റിവ്യൂവിനു നല്‍കിയ ശേഷമാണ് അത് ഔട്ടാണെന്ന് ഉറപ്പ് വരുത്തിയത്. അതേസമയം, രാജസ്ഥാനെതിരെ ആറ് വിക്കറ്റിന് പഞ്ചാബ് ജയിച്ചു. രാജസ്ഥാന്റെ 152 റണ്‍സ് പഞ്ചാബ് അനായാസം മറികടക്കുകയായിരുന്നു. പഞ്ചാബിന്റെ ആറാമത്തെ വിജയമാണിത്. 54 പന്തില്‍ നിന്നും 84 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ