ചെന്നൈ: വിലക്കിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിന് കരുത്ത് നിലനിർത്താൻ ഉറച്ച് ചെന്നൈ സൂപ്പർ കിങ്സ്. സമ്പൂർണ്ണ താരലേലത്തിന് മുൻപ് 5 പ്രധാന താരങ്ങളെ നിലനിർത്താനുള്ള സൗകര്യം സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. സൂപ്പർ താരങ്ങളായ മഹേന്ദ്ര സിങ് ധോണിയെയും സുരേഷ് റെയ്നയെയും ടീമിൽ നിലനിർത്താൻ തീരുമാനിച്ചതായി ടീം മാനേജ്മെന്റ് വ്യക്തമാക്കി.

പരമാവധി 5 താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താനാവുക. നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക ജനുവരി നാലിന് ഉള്ളിൽ സമർപ്പിക്കണം. ഇനിയും നിലനിർത്തേണ്ട താരങ്ങളെപ്പറ്റിയുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് ചെന്നൈ മാനേജ്മെന്റ് അറിയിച്ചു.

ധോണിയെ ക്യാപ്റ്റനായി നിലനിർത്തുമെന്നും ചെന്നൈ സൂപ്പർ കിങ്സ് വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനക്കാരനാണ് സുരേഷ് റെയ്ന. 161 മൽസരങ്ങൾ കളിച്ച റെയ്ന 4540 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ഐപിഎല്ലിൽ ചെന്നൈയുടെ മുന്നേറ്റത്തിൽ നിർണ്ണായക പങ്കാണ് റെയ്ന വഹിച്ചിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ