മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയുടെ മികവിനെ കുറിച്ച് ആർക്കും അത്ര സംശയമൊന്നും കാണില്ല. മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്തത്രയും കിരീട നേട്ടം അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. എന്നാൽ ചെന്നൈ കിങ്സിന്റെ വിജയത്തിന് പിന്നിലുളള രഹസ്യം എന്താണ്?

ടീമിന്റെ ചീഫ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങാണ് ഇക്കാര്യത്തിൽ അർദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രതികരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും സീനിയറായ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ക്യാപ്റ്റനായത് കൊണ്ട് മാത്രമാണ് ടീം കിരീടം നേടിയതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

“അത് ധോണി ഇംപാക്ടാണ്. കളിക്കാരിൽ നല്ല സ്വാധീനം ചെലുത്തിയ ധോണി തന്നെയാണ് ടീമിന് കിരീടം നേടിത്തന്നത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തന്ത്രങ്ങളും ടീമിനെ ശരിക്കും തുണച്ചു. കളിക്കാരിൽ നിന്ന് ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് അറിയാം. അമ്പാട്ടി റായിഡു ഒരു മികച്ച ഉദാഹരണമാണ്,” അദ്ദേഹം പറഞ്ഞു.

രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിൽ മടങ്ങിയെത്തിയ ടീം, സൺറൈസേഴ്‌സിനെ കീഴ്പ്പെടുത്തിയാണ് ഇത്തവണത്തെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അപരാജിതനായി 117 റൺസ് നേടിയെടുത്ത ഷെയ്ൻ വാട്‌സണെയും സ്റ്റീഫൻ ഫ്ലെമിങ് പ്രശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ