മുംബൈ: ത്രസിപ്പിക്കുന്ന വിജയത്തോടെയാണ് ചെന്നൈ രണ്ടാം വരവിലെ ആദ്യ സീസണില്‍ തന്നെ ഫൈനലിലേക്ക് കടന്നത്. ടീമിന്റെ പ്രകടനത്തോളം തന്നെ ത്രസിപ്പിക്കുന്ന ഒരു ക്യാച്ചിനും കഴിഞ്ഞ ദിവസത്തെ മത്സരം സാക്ഷിയായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് താരം ഡെയ്ന്‍ ്ബ്രാവോയായിരുന്നു ആ ക്യാച്ചെടുത്തത്.
ബ്രാവോ എറിഞ്ഞ 15 ാം ഓവറിലെ അവസാന പന്തിനെ ബൗണ്ടറി പായിക്കാനുള്ള യൂസഫ് പത്താന്റെ ശ്രമത്തെയാണ് താരം വായുവില്‍ തിരിഞ്ഞ് മറിഞ്ഞ് ക്യാച്ചാക്കി മാറ്റിയത്. പാടെ തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ പത്താന്‍ പതുക്കെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയയിരുന്നു ഇത്. പത്താന്‍ 28 പന്തില്‍ 24 റണ്‍സ് എടുത്തിരുന്നു.
അതേസമയം, ആരാധകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഒടുവില്‍ ത്രില്ലടിപ്പിച്ച് ജയിച്ച് കേറുന്ന പതിവ് ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തെറ്റിച്ചില്ല. ആദ്യ പ്ലേ ഓഫില്‍ കരുത്തരുടെ ഏറ്റുമുട്ടലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ ഫൈനലിലേക്ക്. രണ്ട് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം.
തുടക്കത്തില്‍ തന്നെ അടിതെറ്റിയ ചെന്നൈയെ ഫാഫ് ഡുപ്ലെസിസിന്റെ അതുഗ്രന്‍ ഇന്നിംഗ്‌സാണ് വിജയ തീരതത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 139 റണ്‍സ് മാത്രമേ എടുത്തുള്ളൂ. എന്നാല്‍ പതിവു പോലെ തങ്ങളുടെ ബൗളിംഗ് മികവ് പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ ചെന്നൈ ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കുകയായിരുന്നു. 3 ഓവറില്‍ 43 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ 5 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 2 വിക്കറ്റ് ജയം നേടിയത്.
41 പന്തില്‍ 67 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഇന്നിംഗ്സിനു മികച്ച പിന്തുണയാണ് 5 പന്തില്‍ നിന്ന് 15 റണ്‍സുമായി ശര്‍ദ്ധുല്‍ താക്കൂര്‍ നല്‍കിയത്. 8 പന്തില്‍ നിന്ന് 27 റണ്‍സാണ് കൂട്ടുകെട്ട് നേടി ചെന്നൈയുടെ ഫൈനല്‍ ഉറപ്പിച്ചത്.