ഹൈദരാബാദ്: നിർണായകമായ മൽസരത്തില്‍ ബാംഗ്ലൂരുവിന്റെ പ്ലേ ഓഫ് മോഹങ്ങളുടെ ചിറകരിഞ്ഞാണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് വിജയിച്ചത്. അഞ്ച് റണ്‍സിന് കളി ജയിച്ച സണ്‍റൈസേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു. ഹൈദരാബാദ് ഉയര്‍ത്തിയ 146 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരുവിന് 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചത്. ഭുവിയുടെ അവസാന ഓവറില്‍ ബാംഗ്ലൂരുവിന് വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ കോളിന് ഡിഗ്രാന്കോമിനെ പുറത്താക്കി ഭുവി വിജയം ഉറപ്പിക്കുകയായിരുന്നു.
സ്പിന്നര്‍മാരായ റാഷിദ് ഖാനും ഷാക്കിബ് അല്‍ ഹസനും നിർണായകമായ വിക്കറ്റുകള്‍ പിഴുതതും ഹൈദരാബാദിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തോല്‍വിയോടെ ബാംഗ്ലൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇനി പ്രവേശിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഐപിഎല്‍ മൽസരത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് മൽസരങ്ങള്‍ കളിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ബെംഗളൂരുവിലാണ് മൽസരം നടക്കുക. സന്ദര്‍ശകരുടെ കരുത്ത് തന്നെയായിരിക്കും ലോകോത്തര ബോളറായ റാഷിദ് ഖാന്. ഐപിഎല്‍ മൽസരശേഷം ഭുവിയും റാഷിദ് ഖാനും തമ്മിലുളള സംഭാഷണത്തില്‍ ഒരു അഫ്ഗാന് ബോളര്‍ക്ക് മുമ്പില്‍ ഭുവി ഒരു അപേക്ഷ വയ്ക്കുകയായിരുന്നു. ‘നിങ്ങള്‍ക്ക് വേണ്ടതൊക്കെ വേണമെങ്കില്‍ ഇപ്പോള്‍ ചെയ്തോളൂ. പക്ഷെ ഇന്ത്യ- അഫ്ഗാന് ടെസ്റ്റില്‍ ഇതൊന്നും ചെയ്തേക്കരുത്’, ഇരുവരും പൊട്ടിച്ചിരിയിലേക്ക് വീണപ്പോള്‍ റാഷിദിന്റെ മറുപടിയും വന്നു. ‘ഇന്ഷാ അളളാ’ എന്നാണ് പുഞ്ചിരിയോടെ റാഷിദ് ഖാന് പറഞ്ഞത്.
മൽസരത്തില്‍ ടോസ് നേടിയ ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കോഹ്ലിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ബാംഗ്ലൂരുവിന്റെ ബോളിങ് പ്രകടനം. തുടക്കത്തില്‍ തന്നെ ധവാനേയും അലക്സ് ഹെയില്‍സിനേയും ഹൈദരാബാദിന് നഷ്ടമായി. ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റില്‍ 48 റണ്‍സ് എന്ന നിലയിലെത്തിയിരുന്നു ഹൈദരാബാദ്.
പിന്നീട് നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.