ബെംഗളൂരു: ഐപിഎല്ലിൽ കന്നിക്കിരീടം തേടിയുള്ള യാത്രയിൽ വഴികാട്ടാൻ ഗാരി കിർസ്റ്റനെയും ആശിഷ് നെഹ്റയെയും ഒപ്പംകൂട്ടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. വരാനിരിക്കുന്ന സീസണിൽ ബാംഗ്ലൂർ ടീമിന്റെ കോച്ചിങ് സ്റ്റാഫിനൊപ്പം ഇരുവരും ഉണ്ടാകും. ടീമിന്റെ ബാറ്റിങ് പരിശീലകനായും ഉപദേശകനുമായിട്ടാണ് ഗാരി കിർസ്റ്റനെ ടീമിൽ എടുത്തിരിക്കുന്നത്. ബോളിങ് പരിശീലകനാണ് ആശിഷ് നെഹ്റയെ നിയമിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോച്ചായി പ്രവര്‍ത്തിച്ച കിര്‍സ്റ്റന്‍ നിലവില്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ സീസൺ വരെ ഐപിഎല്ലിൽ കളിച്ച ആശിഷ് നെഹ്റയുടെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാകുമെന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉടമകളുടെ കണക്ക് കൂട്ടൽ. ട്വന്റി-20യിലെ ഏറ്റവും മികച്ച ഇന്ത്യൻ ബോളർമാരിൽ ഒരാളാണ് നെഹ്റ.

അതേസമയം, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യപരിശീലകനായി ഡാനിയൽ വെട്ടോറി തുടരും. ന്യൂസിലൻഡ് താരം വിട്ടോറിക്ക് കീഴിലായിരിക്കും കിർസ്റ്റനും നെഹ്റയും പ്രവർത്തിക്കുക.

ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. വിരാട് കോഹ്‌ലി, ക്രിസ് ഗെയിൽ, ഡിവില്ലിയേഴ്സ് എന്നീ താരങ്ങളെ ബെംഗളൂരു നിലനിർത്തുമെന്നാണ് സൂചന. മുംബൈ ഇന്ത്യൻസ് താരം ഹാർദിഖ് പാണ്ഡ്യയെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനും റോയൽ ചലഞ്ചേഴ്സ് അധികൃതർ ശ്രമിക്കുന്നുണ്ട്.

ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. 3 തവണ ഫൈനലിൽ എത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ഇവർക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ