‘ക്യാച്ച്സ് വിന്‍ മാച്ച്സ്’ എന്ന് നമ്മള്‍ ക്രിക്കറ്റിനെ കുറിച്ച് പറയാറുണ്ട്. ക്രിക്കറ്റില്‍ ഫീല്‍ഡിംഗിന് അത്രയും പ്രാധാന്യമുണ്ട്. അത്കൊണ്ട് തന്നെ സ്വന്തം ശരീരത്തെ പോലും കണക്കിലെടുക്കാതെ അപകടകരമായ ചാട്ടത്തിലൂടെ കളിക്കാര്‍ പന്തുകള്‍ പിടിച്ചെടുക്കാറുമുണ്ട്. ഇതില്‍ ഏറ്റവും മനോഹരമായ കാഴ്ച്ചകളാണ് ബൗണ്ടറിക്ക് അടുത്ത് നിന്നുളള പിടിച്ചെടുക്കലുകള്‍. പന്ത് പിടിച്ചെടുത്ത് ബൗണ്ടറിയിലേക്ക് വീഴാന്‍ നേരം വായുവിലേക്ക് എറിഞ്ഞ് വീണ്ടും പിടിച്ചെടുക്കുന്ന മികവുറ്റ ക്യാച്ചുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

ഐപിഎലിലും ഇത്തരം കാഴ്ച്ചകള്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ സീസണ്‍ മുതല്‍ ഇത്തരം ക്യാച്ചുകള്‍ സിക്സ് ആയാണ് കണക്കാക്കുക. ഐസിസി നേരത്തേ പരിഷ്കരിച്ച നിയമമാണ് പുതിയ ഐപിഎല്‍ പതിപ്പിലും നടപ്പിലാക്കുക.

പന്തില്‍ തൊടുന്ന ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്ത് പോകാതെ, അകത്ത് നിന്ന് കൊണ്ട് തന്നെ വേണം പന്ത് പിടിച്ചെടുക്കാന്‍. അല്ലാത്ത പക്ഷം ഇത് സിക്സ് ആയി കണക്കാക്കും. പന്ത് തൊട്ട ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തുളള ഏതെങ്കിലും ഒരു വസ്തുവോ ബൗണ്ടറിക്ക് പുറത്തുളള മറ്റൊരു കളിക്കാരനെയോ തൊട്ടാലും ഇത് സിക്സായി കണക്കാക്കും. പാക്കിസ്ഥാന്‍ സൂപ്പര്‍ലീഗില്‍ ഷാഹിദ് അഫ്രിദി ഇത്തരത്തിലൊരു ക്യാച്ച് എടുത്തിരുന്നു. ഐസിസി ഒക്ടോബറില്‍ പുറത്തിറക്കിയ ഈ നിയമത്തില്‍ ആശയക്കുഴപ്പവും നിലവിലുണ്ട്. അത്കൊണ്ട് തന്നെ അഫ്രിദിയുടെ ക്യാച്ച് അംബയര്‍ ഔട്ട് വിധിച്ചെങ്കിലും ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തു.

അതേസമയം പന്ത് മറ്റൊരു താരത്തിന് നേരെ തട്ടി തെറിപ്പിച്ച് ബൗണ്ടറിയിലേക്ക് വീഴുകയും അതേസമയം പന്ത് ആ താരം പിടിച്ചെടുക്കുകയും ചെയ്താല്‍ ഇത് ഔട്ടായി കണക്കാക്കും.

ക്യാച്ചിലൂടെ പുറത്താവുക എന്നത് ക്രിക്കറ്റിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. ക്രിക്കറ്റ് നിയമങ്ങളിലെ 32-ആം നിയമമാണ് ക്യാച്ചിലൂടെ പുറത്താവുന്നതിനെ സംബന്ധിക്കുന്നത്. ബാറ്റ്സ്മാന്റെ ബാറ്റിലോ, ബാറ്റ് പിടിച്ചിരിക്കുന്ന ഗ്ലൗവിലോ കൊള്ളുന്ന പന്ത് ഗ്രൗണ്ടിൽ സ്പർശിക്കുന്നതിനുമുമ്പ് ഏതെങ്കിലുമൊരു ഫീൽഡർ പിടിയിലൊതുക്കിയാൽ ആ ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്തായതായി പ്രഖ്യാപിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ